
മന്ത്രിസ്ഥാനത്തുനിന്നുള്ള സജി ചെറിയാൻ്റെ രാജി സന്ദർഭോചിതമാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മറ്റൊരു മന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്തില്ല. സ്ഥിതിഗതികൾ വിലയിരുത്തി അക്കാര്യം പിന്നീടു തീരുമാനിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന പാർട്ടിയാണ് സി.പി.എം. ഭരണഘടനയുടെ സംരക്ഷണത്തിനുവേണ്ടിയാണു പാർട്ടി പോരാടുന്നത്. ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ചാണ് സി.പി.എം പ്രവർത്തിക്കുന്നത്. ഇന്ത്യൻ ഭരണഘടന അനുസരിച്ചു പ്രവർത്തിക്കാം എന്നു പാർട്ടി ഭരണഘടനയിലുണ്ട്. വീഴ്ച മനസിലാക്കി പെട്ടെന്നു തന്നെ സജി ചെറിയാൻ രാജിവച്ചു. ഉന്നതമായ ജനാധിപത്യബോധം അദ്ദേഹം ഉയർത്തിപിടിച്ചു. ഒരു മാതൃക സൃഷ്ടിച്ചു. ഈ സംഭവം ചർച്ചയായെങ്കിലും രാജിയോടെ പ്രശ്‌നങ്ങൾ അപ്രസക്തമായി.

സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ വിഭജിക്കുമോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാണ് വകുപ്പുകൾ വിഭജിക്കേണ്ടതെന്നു കോടിയേരി മറുപടി നൽകി. അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിക്കു പാർട്ടി നിർദേശം നൽകി.
അതേപോലെ തന്നെ, എ.കെ.ജി സെന്റർ ആക്രമണം ആസൂത്രണം ചെയ്തത് സി.പി.എം ആണെന്നത് കോൺഗ്രസ് ആക്ഷേപമാണ് എന്നും അദ്ദേഹം പറഞ്ഞു. രാത്രികാലത്തു നടന്ന ആക്രമണത്തിൽ പ്രതികളെ പിടിക്കാൻ സമയമെടുക്കും. ഊർജിതമായ അന്വേഷണം പൊലീസ് നടത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ക്യാംപിലെ പീഡനപരാതി പിൻവലിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിൽ അതു തെറ്റായ നടപടിയും നിയമവിരുദ്ധവുമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.
