സി.പി.എമ്മിന്‍റെ കൊടിമരത്തറ പോലീസ് സംഘം തകർത്ത സംഭവം; മുഖ്യമന്ത്രിക്കും പോലീസ് ഉന്നതർക്കും പരാതി നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing സി.പി.എമ്മിന്‍റെ കൊടിമരത്തറ പോലീസ് സംഘം തകർത്ത സംഭവം; മുഖ്യമന്ത്രിക്കും പോലീസ് ഉന്നതർക്കും പരാതി നല്‍കി

കാസർകോട്: ബന്തടുക്ക മാരിപ്പടുപ്പിൽ കൃഷ്ണപിള്ള ദിനാചരണത്തോടനുബന്ധിച്ച് പാർട്ടി പ്രവർത്തകർ സ്ഥാപിച്ച കൊടിമരം ബേഡകം പോലീസ് സംഘം തകർത്തതിനെതിരെ പരാതി. സി.പി.എം ബന്തടുക്ക ലോക്കൽ കമ്മറ്റിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഡി.ജി.പി, ജില്ലാ പോലീസ് ചീഫ് എന്നിവർക്ക് മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.

കോൺഗ്രസ്സ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആദ്യം സി.പി.എം ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ പോലീസാണെന്ന് വ്യക്തമാകുകയായിരുന്നു. വർഷങ്ങളായി സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ബന്തടുക്കയിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരെ തമ്മിലടിപ്പിക്കാൻ പോലീസ് നടത്തിയ ശ്രമം അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം ബന്തടുക്ക ലോക്കൽ കമ്മറ്റി അറിയിച്ചു. കൊടിമരത്തിന്‍റെ തറ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.

പോലീസിന്‍റെ ജാഗ്രതയില്ലാത്ത പ്രവർത്തനം സർക്കാരിനും പോലീസ് സേനയ്ക്കും അവമതിപ്പുണ്ടാക്കിയതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യഥാർത്ഥ റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് നൽകുമെന്ന് ബേഡകം പോലീസ് ഹൗസ് ഓഫീസർ ചാനൽ ആർ.ബിയോട് പറഞ്ഞു.

0Shares