
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സര്‍ക്കാരിന് പാര്‍ട്ടി സമ്മേളനമാണ് പ്രധാനം. ജനങ്ങളോട് സി.പി.എമ്മിന് ധാര്‍ഷ്ട്യമാണ്. എന്നിട്ട് നാട്ടുകാരോട് ജാഗ്രത പാലിക്കണമെന്ന് മന്ത്രിമാര്‍ പറഞ്ഞിട്ടെന്ത് കാര്യമെന്നും അദ്ദേഹം ചോദിച്ചു.

ജില്ലയിൽ ഒത്തുചേരലുകള്‍ വിലക്കിയ കലക്ടര്‍ തന്നെ കുടുംബശ്രീ തിരഞ്ഞെടുപ്പിന് അനുമതി നല്‍കിയെന്നും സതീശന്‍ കുറ്റപ്പെടുത്തി. ‘ഒന്നും രണ്ടും കൊവിഡ് തരംഗങ്ങളെക്കാൾ വലിയ തരംഗം ഉണ്ടാകുകയാണ്. യു.ഡി.എഫിൻ്റെയും കെ.പി.സി.സിയുടെയും പരിപാടികള്‍ മാറ്റിവച്ച് കോൺഗ്രസ് മാതൃകകാട്ടി. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നു മനസ്സിലാക്കി അത്തരമൊരു തീരുമാനമെടുത്തു. എന്നാൽ പാർട്ടി സമ്മേളനം നടത്തുമെന്ന വാശിയോടു കൂടി സി.പി.എം മുന്നോട്ടു പോയതാണ് തിരുവനന്തപുരത്ത് കോവിഡ് വ്യാപനമുണ്ടാക്കിയത്.
സമ്മേളനത്തിൽ പങ്കെടുത്ത നാലു എം.എൽ.മാർക്ക് കോവിഡാണ്. മന്ത്രിയുള്‍പ്പെടെ മുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. സർക്കാരും ആരോഗ്യവകുപ്പും നിശ്ചലമായി. ഒന്നും രണ്ടും തരംഗത്തിലേതു പോലെ മൂന്നാം തരംഗത്തിൽ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല. സർക്കാർ ആശുപത്രികളിൽ ഒരു സംവിധാനവും ഇല്ല’ അദ്ദേഹം പറഞ്ഞു.
