
ബേഡകം/ കാസർകോട്: തന്ത്രപ്രധാനമായ സംഘടനാ പ്രവർത്തനം ഈ കാലത്തിൻ്റെ ആവശ്യമാണെന്നും ബഹുജന പിന്തുണയോടെ പാർട്ടിയുടെ ശക്തി വർധിപ്പിക്കാൻ ആശയ പ്രചാരണം ഉണ്ടാവണമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. ബേഡകം ഏരിയാ സമ്മേളനം കൊളത്തൂരിലെ കെ.ബാലകൃഷ്ണന്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏരിയയിലെ 1949 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 19 ഏരിയാ കമ്മറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 134 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 33 പേര്‍ വനിതകളാണ്. സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച് കുഞ്ഞമ്പു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ജനാര്‍ദ്ദന്‍, കെ.വി കുഞ്ഞിരാമന്‍, കെ.ആര്‍ ജയാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുമതി, കെ.മണികണ്ഠന്‍, കെ.കുഞ്ഞിരാമന്‍, വി.കെ.രാജൻ, സാബു അബ്രഹാം, കെ.പി സതീശ് ചന്ദ്രൻ തുടങ്ങിയവര്‍ സംബന്ധിച്ചു.

കെ.പി രാമചന്ദ്രന്‍ രക്തസാക്ഷി പ്രമേയവും, കെ.എൻ.രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജയപുരം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ.പത്മാവതി സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി സി.ബാലന്‍ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈകുന്നേരത്തോടെ ഗ്രൂപ്പ് ചർച്ചയും തുടർന്ന് മറുപടി പ്രസംഗവും. നാളെ ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും.

