
കാസര്‍കോട്: തിരുവോണ നാളിൽ സി.പി.എം പ്രവർത്തകർ ജില്ലയിൽ വ്യാപകമായി അക്രമം നടത്തിയതായി ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ. കാഞ്ഞങ്ങാട്, ഒഴിഞ്ഞവളപ്പ് പ്രിയദർശിനി ക്ലബിന് മുമ്പിൽ സ്ഥാപിച്ച യൂത്ത് കോൺഗ്രസ് കൊടി ഉച്ചയ്ക്ക് നശിപ്പിച്ച ശേഷം രാത്രി 9.30 ന് ഒഴിഞ്ഞവളപ്പ് കടപ്പുറം ജംഗ്ഷനിൽ ശുഹൈബ് ബസ് വെയിറ്റിംഗ് ഷെഡ്ഡും തകർത്ത ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുനീറിന്‍റെ കൈ അടിച്ചു പൊളിച്ചു. രാത്രി വൈകി ഏകദേശം 2 മണിക്ക് പ്രിയദർശിനി ക്ലബ്ബ് വൈസ് പ്രസിഡണ്ട് ബിജുവിന്‍റെ ബൈക്ക് കത്തിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
പെരിയ മഞ്ഞങ്ങാനം ബസ് സ്റ്റാന്റിന് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റെയും പേരിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ അകാരണമായി നശിപ്പിക്കപ്പെടുകയും ചെയ്തു.

പള്ളിക്കര കിഴക്കേക്കരയിൽ ഓണക്കിറ്റ് വിതരണത്തിൽ ഏർപ്പെട്ട ദീപു, ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജന.സെക്രട്ടറി പ്രമോദ് പുതിയവളപ്പ്, കൃഷ്ണൻ തുടങ്ങി അഞ്ച് പ്രവർത്തകരെ സി.പി.എം പ്രവർത്തകർ അകാരണമായി മർദ്ദിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
കോടോം-ബേളൂർ പഞ്ചായത്തിലെ ഒടയംഞ്ചാലിൽ കോൺഗ്രസ് പതാക നശിപ്പിച്ചു. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ ഉപ്പിലിക്കൈ, വാഴുന്നോറൊടി പ്രദേശങ്ങളിൽ കോൺഗ്രസ് പതാകകൾ വ്യാപകമായി നശിപ്പിച്ചു. ഇത്തരത്തില്‍ ജില്ലയിൽ വ്യാപകമായി അക്രമത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.എം. ശ്രമം അവസാനിപ്പിച്ച് സമാധാനപരമായി മുന്നോട്ട് പോകുന്ന ജില്ലയിലെ അന്തരീക്ഷം നിലനിർത്തുവാൻ ഭരണകൂടം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
