
രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ. ജയശങ്കറിന്‍റെ പ്രാഥമിക അംഗത്വം പുതുക്കി നൽകാതെ സി.പി.ഐ. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് ജനറൽ ബോഡി ചർച്ച ചെയ്താണ് ജയശങ്കറിന്‍റെ അംഗത്വം പുതുക്കേണ്ട എന്ന തീരുമാനത്തിലെത്തിയത്.

സമൂഹമാധ്യമങ്ങളിലൂടെയും ചാനൽ ചർച്ചകളിലുടെയും തുടർച്ചയായി എൽ.ഡി.എഫ് സർക്കാരിനും സി.പി.എമ്മിനും എതിരെ അവാസ്തവങ്ങൾ പ്രചരിപ്പിച്ചുവെന്ന കാരണം സൂചിപ്പിച്ചാണ് നടപടി.
സി.പി.ഐ അംഗത്വം ഉള്ള ആൾ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്തതാണ് ജയശങ്കറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്നായിരുന്നു പാർട്ടി വിലയിരുത്തൽ.
അതേസമയം സി.പി.ഐ അംഗത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പാർട്ടിയോട് അംഗത്വം വേണമെന്നോ വേണ്ടെന്നോ താൻ അറിയിച്ചിട്ടില്ലെന്നും അഡ്വ.എ.ജയശങ്കർ വ്യക്തമാക്കി. എത്രനാളേയ്ക്കാണ് അംഗത്വം നൽകാതിരിക്കൽ എന്നതിൽ കൃത്യമായ തീരുമാനമില്ല. പാർട്ടി മേൽഘടകത്തിലൊ കൺട്രോൾ കമ്മിഷനിലൊ അപ്പീൽ പോകുന്നതിനും ജയശങ്കറിന് അവസരമുണ്ട്.
പാർട്ടി ഭരണഘടന നൽകുന്ന എല്ലാ കാര്യങ്ങൾക്കും ജയശങ്കറിന് അവസരമുണ്ടാകും. അതേ സമയം ജയശങ്കറിന്‍റെ അംഗത്വം ബ്രാഞ്ച് കമ്മിറ്റി പുതുക്കി നൽകിയിട്ടില്ലെന്നതിനെക്കുറിച്ച് അറിവില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. സാധാരണ ജനുവരിയിലിലാണ് സി.പി.ഐയിൽ പാർട്ടി അംഗത്വം പുതുക്കാറുളളത്. എന്നാൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ജൂണിലേയ്ക്കു മാറ്റിവച്ചിരുന്നു. തുടർന്നു കഴിഞ്ഞ മാസം മെംപർഷിപ് ക്യാംപയിൻ പൂർത്തിയാക്കി ബ്രാഞ്ച് ജനറൽ ബോഡി കൂടുകയായിരുന്നു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പലരുടെയും അംഗത്വം പുതുക്കി നൽകിയിട്ടില്ല. സമാന സാഹചര്യമാണ് ജയശങ്കറിന്‍റെ കാര്യത്തിലുമുണ്ടായിട്ടുള്ളത്. ഒരു വർഷത്തിലേറെയായി സി.പി.എമ്മിനും എൽ.ഡി.എഫ് സർക്കാരിനും എതിരെ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് പാർട്ടി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് നേരത്തെ ജയശങ്കറിനെ പാർട്ടി പരസ്യമായി ശാസിച്ചിരുന്നു.
