
കാസർകോട്: മലബാറിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികരുടെ മാസങ്ങളായി മുടങ്ങിയ പെൻഷൻ വേതനം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് തീയ്യക്ഷേമസഭ ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി. സ്വകാര്യ ക്ഷേത്രങ്ങളിൽ നിത്യാചാര കർമങ്ങൾക്കായോ അല്ലെങ്കിൽ വർഷത്തിൽ സ്വകാര്യ ക്ഷേത്രങ്ങളിലെ എല്ലാ അനുഷ്ഠാനങ്ങൾക്കോ പങ്കെടുക്കേണ്ടവരായ ഇവർക്ക് വരുമാനത്തിനായി മറ്റൊരു തൊഴിലും ചെയ്യാൻ സാധിക്കുകയില്ല.
ആചാരസ്ഥാനികരിൽ ഭൂരിഭാഗവും പ്രായമേറിയവരും ആയതിനാൽ മറ്റു വരുമാനമാർഗങ്ങൾ ഇല്ലാത്തവരുമാണ്. മലബാർ ദേവസ്വം ബോർഡിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പെൻഷൻ ആണ് ആചാരസ്ഥാനികരുടെ ഏക വരുമാന മാർഗം. എന്നാൽ മാസങ്ങളായി ആചാരസ്ഥാനികർക്ക് ലഭിക്കുന്ന തുച്ഛമായ ഈ പ്രതിമാസ പെൻഷൻ മുടങ്ങിയിരിക്കുകയാണ്.

കോവിഡ് കാരണം പൊറുതി മുട്ടിയിരിക്കുന്ന സ്വകാര്യ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികർക്ക് പെൻഷൻ കൂടി മുടങ്ങിയതോടെ സാമ്പത്തികമായി വളരെയേറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ആയതിനാൽ മുടങ്ങിയിരിക്കുന്ന പെൻഷൻ തുക എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
