
കാസര്‍കോട് :സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്ത പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുമായ് പട്ടിക വര്‍ഗ വകുപ്പ്. ജില്ലയിലെ നീലേശ്വരം പട്ടിക വര്‍ഗ ഡിവിഷന്‍ പരിധിയിലുള്ള 634 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കാണ് ആയിരം രൂപ വിലയുള്ള ഭക്ഷ്യ ധാന്യക്കിറ്റ് നല്‍കിയത്. കുടുംബ കാര്‍ഡില്‍ പേരുണ്ടാവുകയും എന്നാല്‍ മാറിത്താമസിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്കാണ് പട്ടിക വര്‍ഗ വകുപ്പിന്‍റെ ഈ സഹായം ലഭിക്കുന്നത്.

പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ ഭക്ഷ്യ സഹായപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിറ്റുകള്‍ ലഭ്യമാക്കുക. നീലേശ്വരം ഡിവിഷനു കീഴില്‍ ശനിയാഴ്ച ആരംഭിച്ച കിറ്റുകളുടെ വിതരണം പുല്ലൂര്‍ -പെരിയ പഞ്ചായത്തിലെ വിതരണത്തോടെ പൂര്‍ത്തീകരിച്ചു. നീലേശ്വരം പട്ടിക വര്‍ഗ ഡിവിഷനില്‍ വെസ്റ്റ് എളേരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്തൃകുടുംബങ്ങള്‍ ഉള്ളത്. വെസ്റ്റ് എളേരിയില്‍ 153 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.
പൂല്ലൂര്‍-പെരിയയില്‍ 149 ഉം കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ 107 ഈസ്റ്റ് എളേരി പഞ്ചായത്തില്‍ 101 ഉം മടിക്കൈ പഞ്ചായത്തില്‍ 51 ഉം പഞ്ഞിക്കര പഞ്ചായത്തില്‍ 30 ഉം കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയില്‍ 18 ഉം അജാനൂര്‍ പഞ്ചായത്തില്‍ 17 ഉം കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ എട്ട് ഗുണഭോക്തൃ കുടുബങ്ങളുമുണ്ട്. പ്രാദേശിക സഹകരണ ബാങ്ക് സ്റ്റോറുകള്‍ വഴിയാണ് വകുപ്പ് കിറ്റിനവശ്യമായ സാധനങ്ങള്‍ ശേഖരിച്ചത്.
പ്രാദേശിക അടിസ്ഥാനത്തില്‍ കിറ്റുകളാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രൈബല്‍ പ്രമോട്ടര്‍മാരുടെ നേതൃത്വത്തില്‍ ഓരോ ഗുണഭോക്താവിന്‍റെയും വീടുകളില്‍ നേരിട്ടെത്തിച്ച് നല്‍കി. 15 കിലോ അരി,ഒരു കിലോ വീതം കടല, ചെറുപയര്‍/തുവര, വെളിച്ചെണ്ണ എന്നിവയാണ് കിറ്റിലുള്ളത്. 5020 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചും റേഷന്‍ കടകള്‍ വഴി സൗജന്യമായി അരി ലഭ്യമാക്കിയിരുന്നു.
അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും, ഇത് പൂര്‍ത്തിയായതോടെ നീലേശ്വരം പട്ടിക വര്‍ഗ ഡിവിഷനു കീഴിലുള്ള എല്ലാ കുടുംബങ്ങളിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പട്ടിക വര്‍ഗ വികസന ഓഫീസര്‍ എ ബാബു പറഞ്ഞു. നീലേശ്വരം പട്ടിക വര്‍ഗ ഡിവിഷന്‍ പരിധിയില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള ഭക്ഷ്യ ധാന്യക്കിറ്റ് വിതരണം നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.
