
കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതോടെ ഗുജറാത്തിലെ ഗോമൂത്ര വില്‍പ്പനയില്‍ വന്‍ കുതിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. പശുവിന്‍റെ മൂത്രം കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന പ്രചരണങ്ങളെ തുടര്‍ന്നാണ് ഇത് എന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതിനു ശേഷം ഗോമൂത്രത്തിന്‍റെയും സംസ്‌കരിച്ചെടുത്ത ഗോമൂത്രത്തിന്‍റെയും വില്‍പ്പന വന്‍ തോതില്‍ വര്‍ധിച്ചെന്നാണ് രാഷ്ട്രീയ കാമധേനും ആയോഗ് ചെയര്‍മാന്‍ വല്ലഭ് കത്തിരിയ പറയുന്നത്.

ദിവസം 6,000 ലിറ്റര്‍ പശുമൂത്രമാണ് ഗുജറാത്തില്‍ ആളുകള്‍ വാങ്ങിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പശുവിന്‍റെ മൂത്രം വിവിധ രോഗങ്ങള്‍ ശമിപ്പിക്കുമെന്ന് നേരത്തെ മുതല്‍ തന്നെ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതിനു പിന്നാലെ കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ഒരു സംഘം ഗോമൂത്ര പാര്‍ട്ടി പോലും സംഘടിപ്പിച്ചിരുന്നു. ഗുജറാത്തില്‍ പശുവിന്‍റെ മൂത്രം കൂടിക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നതെന്നും ശരീരത്തില്‍ അടിക്കുന്ന സ്‌പ്രേ ഉള്‍പ്പെടെയുള്ളവയില്‍ ചേര്‍ക്കുന്നുണ്ടെന്നും അത് ശരീരത്തിലെ കീടങ്ങളെ ഇല്ലാതാക്കും എന്നുമാണ് കത്തിരിയ പറയുന്നത്.
അസുഖങ്ങള്‍ വരാതിരിക്കാനായി അപ്പപ്പോള്‍ കിട്ടുന്ന ഗോമൂത്രം കുടിക്കുന്നിനു പുറമെ ഇപ്പോള്‍ സംസ്‌കരിച്ചെടുത്ത ഗോമൂത്രത്തിനും ആവശ്യക്കാര്‍ ഏറെയാണ് എന്ന് അദ്ദേഹം പറയുന്നു. അത് തൊണ്ടയില്‍ ഗാര്‍ഗിള്‍ ചെയ്യാനും കുടിക്കാനും ഉപയോഗിക്കുന്നു. “ദഹനം കൂട്ടുക മാത്രമല്ല, അത് ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കുകയും ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ചെയ്യാന്‍ നല്ലതാണ് ഗോമൂത്രം”– കത്തിരിയ പറയുന്നു.
കാന്‍സര്‍ സര്‍ജനും എ.ബി വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്ര ആരോഗ്യസഹമന്ത്രിയും ആയിരുന്നു അദ്ദേഹം. “പശുവിന്‍റെ മൂത്രം ബാക്ടീരിയകളെ കൊല്ലും. അതുകൊണ്ടു തന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കും എന്നതില്‍ സംശയമില്ല“- അദ്ദേഹം പറയുന്നു.
ഒരു ലിറ്റര്‍ ഗോമൂത്രത്തില്‍ നിന്ന് 700 മില്ലി ലിറ്റര്‍ വരെ സംസ്‌കരിച്ചെടുത്ത മൂത്രമായ ആര്‍ക്ക് ലഭിക്കുമെന്ന്, സംസ്ഥാനത്തെ ഗൗ സേവാ ആയോഗിന്റെ തലവന്‍ കൂടിയായ അദ്ദേഹം പറയുന്നു. ഗോമൂത്രം ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്ന സാനിറ്റൈസറും നിര്‍മിക്കുന്നുണ്ട്.
അഹമ്മദാബാദില്‍ പശു ഷെല്‍ട്ടര്‍ നടത്തുന്ന രാജു പട്ടേലും ഗോമൂത്രത്തിന് ആവശ്യക്കാര്‍ ഏറിയതായി സാക്ഷ്യപ്പെടുത്തുന്നു. നേരത്തെ ഓരോ മാസവും 80 മുതല്‍ 100 ബോട്ടില്‍ വരെ സംസ്‌കരിച്ചെടുത്ത ഗോമൂത്രമാണ് ഇയാള്‍ ഉത്പാദിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് 425 ബോട്ടില്‍ വരെയായി. ഈ ആര്‍ക്കിനൊപ്പം തുളസി, ഇഞ്ചി, മറ്റ് ഔഷധങ്ങളും തങ്ങള്‍ ചേര്‍ക്കുന്നുണ്ടെന്നും അതു വഴി ചുമയും ജലദോഷവും കുറയുമെന്നും പട്ടേല്‍ പറയുന്നു.
