
കേന്ദ്ര സർക്കാർ നൽകാൻ കാത്തുനിൽക്കാതെ കൊവിഡ്-19 പ്രതിരോധ വാക്‌സിൻ കേരളം സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ പ്രവഹിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ രണ്ട് കോടിയുടെ അടുത്ത് രൂപ എത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.

കേവലം രണ്ട് ദിവസം കൊണ്ടാണ് ഇത്രയും തുക ലഭ്യമായത്. സർക്കാരിന്‍റെ ബന്ധപ്പെട്ട വകുപ്പുകളുടെയോ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെയാണ് ആളുകൾ പണമയക്കുന്നത്. സർക്കാർ സ്വന്തമായി വാക്‌സിൻ വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ക്യാമ്പയ്‌ൻ ആണ് സംഭാവനകള്‍ക്ക് കാരണമായത്.
രാജ്യമാകെ കൊവിഡ് വ്യാപനം രൂക്ഷമായതോടെ വാക്‌സിൻ ക്ഷാമം ശക്തമായി മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സ്വന്തം നിലയിൽ പണം മുടക്കി വാങ്ങാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. ഇതിനെ തുടര്‍ന്നാണ് എന്തു വന്നാലും കേരളത്തിൽ വാക്‌സിൻ സൗജന്യമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.
