
കാസർകോട്: കോവിഡിന്‍റെ കെടുതിയിൽ നിന്ന് നാടിനെ പൂർണ്ണമായി രക്ഷിക്കാൻ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആഹ്വാനം ചെയ്തു. പള്ളികൾ അടച്ചിടുകയും ആരാധനാ കർമ്മങ്ങൾ വീടുകളിൽ ഒതുക്കേണ്ടി വരുകയും ചെയ്ത കഴിഞ്ഞവർഷത്തെ റംസാൻ മാസം മറക്കാനാകാത്ത പാഠവും അനുഭവവുമാണ്.
ഇത്തവണ റംസാൻ കടന്നു വന്നപ്പോൾ പള്ളികൾ ആരാധനാ കർമ്മങ്ങൾ കൊണ്ടും സൃഷ്ടാവിനെക്കുറിച്ചുള്ള സ്തുതിപാഠങ്ങൾ കൊണ്ടും സജീവമായി. ഈ സൗഭാഗ്യം സൂക്ഷ്മതയോടെയായിരിക്കണം അനുഭവിക്കേണ്ടതും ഉപയോഗിക്കേണ്ടതുമെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുപാടുകളിൽ കാണുന്നതും കേൾക്കുന്നതും ഭയാനകത നിറഞ്ഞ കാര്യങ്ങളാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ട് വരാൻ അധികാരികൾ തീരുമാനിച്ചിട്ടുണ്ട്.

ഒരോ വ്യക്തിയും തന്‍റെ ജീവിതം സ്വയം നിയന്ത്രണത്തിന് വിധേയമാക്കിയാലെ
കോവിഡിനോടുള്ള പോരാട്ടം ജയം കാണുകയുള്ളൂ. എല്ലാറ്റിലും അച്ചടക്കവും നിയന്ത്രണവും ക്രമീകരണവും അത്യന്താപേക്ഷിതമാണ്. പള്ളികളിൽ പോകാൻ പറ്റാത്ത കഴിഞ്ഞ വർഷത്തെ സാഹചര്യത്തിൽ നിന്ന് മാറി റംസാനിലെ പ്രാർത്ഥനകൾ പളളിയിലാകാമെന്ന അവസ്ഥ ഉണ്ടായതിന് സൃഷ്‌ടാവിനോട് വിശ്വാസികൾ നന്ദിയുള്ളവരായിരിക്കണം. വരാനിരിക്കുന്ന നാളുകളിലും ആരാധനാ കർമ്മങ്ങൾ നിർവിഘ്നം തുടരാനുള്ള സാഹചര്യത്തിന് ഉള്ളുരുകി പ്രാർത്ഥിക്കണം.
നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്ന കാര്യത്തിൽ ജാഗ്രത പുലർത്തണം. മഹാമാരിയെ പിടിച്ചുകെട്ടുന്നതിന് അധികാരികൾ കൈക്കൊള്ളുന്ന നടപടികളോട് സർവ്വാത്മനാ സഹകരിക്കണം. തറാവീഹ് നിസ്കാരവും മറ്റു പ്രാർത്ഥനകളും പരമാവധി പത്ത് മണിക്ക് അവസാനിക്കുന്ന വിധത്തിൽ സമയ ക്രമീകരണം നടത്തേണ്ടതാണ്. മാസ്കുകൾ നിസ്കാര സമയത്ത് പോലും ഒഴിവാക്കരുത്.
മുസല്ലയുമായി പള്ളിയിലെത്തുന്നത് ഉചിതമായിരിക്കും. കോവിഡ്- 19 നിഷ്കരുണം നാടിനെ നശിപ്പിക്കാനൊരുമ്പെട്ടാൽ ഇതുവരെ കണ്ടതിനെക്കാളും കടുത്ത നടപടികളിലേക്ക് അധികാരികൾ നീങ്ങിയേക്കാം. അത്തരം ഘട്ടങ്ങളിൽ പോലും മനുഷ്യൻ്റെ നിലനിൽപ്പും നാടിന്‍റെ നന്മയും ഓർത്തു വിശ്വാസികൾ സംയമനവും നിയന്ത്രണവും പാലിക്കണമെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ ഓർമ്മിപ്പിച്ചു.
