ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ പരാമര്‍ശം; കെ.ടി. ജലീലിനെതിരെ കേസ് എടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം, പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍.എസ്‌.എസ് നേതാവിൻ്റെ ഹര്‍ജിയില്‍

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ പരാമര്‍ശം; കെ.ടി. ജലീലിനെതിരെ കേസ് എടുക്കാന്‍ തിരുവല്ല കോടതിയുടെ നിര്‍ദ്ദേശം, പൊലീസിന് നിര്‍ദ്ദേശം നല്‍കിയത് ആര്‍.എസ്‌.എസ് നേതാവിൻ്റെ ഹര്‍ജിയില്‍

തിരുവല്ല: കെ.ടി ജലീല്‍ എം.എ‍ല്‍.എ ഫേസ് ബുക്ക് പോസ്റ്റിലൂടെ നടത്തിയ ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ തിരുവല്ല കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് ആര്‍.എസ്‌.എസ് നേതാവും മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയുമായ അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്റ്ററേറ്റ് രേഷ്മ ശശിധരനാണ് കീഴ്‌വായ്പൂർ എസ്.എച്ച്‌.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച്‌ കീഴ്‌വായ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അരുണ്‍ കോടതിയെ സമീപിച്ചത്.

വിവാദമായ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൻ്റെ പേരില്‍ സജി ചെറിയാനെതിരേ കേസ് എടുത്തതും കീഴ്‌വായ്പൂര്‍ പൊലീസാണ്. ഉത്തരവിട്ടതും മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ്. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെ.ടി ജലീല്‍ ഫേസ്‌ ബുക്കില്‍ എഴുതിയ കുറിപ്പ് വലിയ വിവാദമായിരുന്നു. പാക് അധീന കശ്മീര്‍ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീരിലെ പ്രദേശത്തെ ‘ആസാദ് കശ്മീര്‍ എന്ന് ജലീല്‍ വിശേഷിപ്പിച്ചതായിരുന്നു വിവാദത്തിന് ഇടയാക്കിയത്.

ജലീലിൻ്റെ പരാമര്‍ശത്തെ മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ള ആളുകള്‍ തള്ളിപ്പറഞ്ഞിരുന്നു. ജലീല്‍ പറഞ്ഞത് സി.പി.എം നിലപാട് അല്ലെന്നും, പാര്‍ട്ടിക്ക് ഇതില്‍ കൃത്യമായ നിലപാട് ഉണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. വിവാദം കടുത്തതോടെ ജലീല്‍ പോസ്റ്റ് പിന്‍വിലക്കുകയാണെന്ന് അറിയിച്ചു. ആസാദ് കശ്മീര്‍ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തിയതിന് പിന്നാല തൻ്റെ പ്രസ്താവനയെ ന്യായീകരിച്ച്‌ കെ.ടി ജലീല്‍ രംഗത്തെത്തിയിരുന്നു. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിൻ്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെ.ടി ജലീല്‍ ഫേസ്‌ ബുക്കില്‍ കുറിച്ചിരുന്നു.

കശ്മീര്‍ യാത്രയുടെ നീണ്ട പോസ്റ്റിനൊടുവിലാണ് ആസാദ് കശ്മീരിനെ ന്യായീകരിച്ച്‌ ജലീല്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദം. ‘ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍. പാക്കിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിൻ്റെ ഭാഗം ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടു’ – ജലീല്‍ പറഞ്ഞിരുന്നു.

ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറി. കാശ്മീരിൻ്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിൻ്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

ഫേസ്‌ ബുക്ക് പോസ്റ്റ് വിവാദമായതോടെ ജലീലിനെതിരേ ബി.ജെ.പി അടക്കമുള്ളവര്‍ രാജ്യദ്രോഹ ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തി. പാക് നിയന്ത്രണത്തിലുള്ള കശ്മീരിൻ്റെ ഭാഗവും ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് ലോകവേദിയിലടക്കം ഇന്ത്യ ഉന്നയിക്കുമ്പോഴാണ് വിവാദ പ്രസ്താനവനയുമായി കെ.ടി ജലീല്‍ എത്തിയിത്. ജലീലിൻ്റെ മുന്‍ സിമി നിലപാടാണ് ഇത്തരം പ്രസ്താവനയ്ക്ക് വഴിവെച്ചതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

0Shares