
തനിക്കെതിരെ മീ ടൂ ആരോപണമുറ്റയിച്ച മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് തള്ളി ഡല്‍ഹി കോടതി. എം.ജെ അക്ബര്‍ പരാതിക്കാരിയായ പ്രിയ രമണിക്കെതിരെ ക്രിമിനല്‍ മാനനഷ്ടം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി കട്കട് ഡൂമ കോടതി വ്യക്തമാക്കി. ലൈംഗികാതിക്രമം നടത്തുന്ന ഒരാളുടെ സാമൂഹിക പദവിയേക്കാള്‍ വില സ്ത്രീകളുടെ അന്തസിന് ഉണ്ടെന്ന് കോടതി വിലയിരുത്തി.
അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പാണ്ഡെയാണ് കേസില്‍ വിധിപ്രസ്താവം നടത്തിയത്. ലൈംഗിക അതിക്രമം തുറന്നുപറയുന്നതിന്‍റെ പേരില്‍ സ്ത്രീകള്‍ ശിക്ഷിക്കപ്പെട്ടുകൂടാ. സംഭവം നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമോ ഏത് സമയത്തോ പരാതി ഉന്നയിക്കാന്‍ സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടനപ്രകാരം അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
‘അടച്ച വാതിലുകള്‍ക്ക് പിന്നില്‍ മിക്കപ്പോഴും ലൈംഗിക പീഡനം നടക്കുന്നുവെന്നത് അവഗണിക്കാനാവില്ല. അതിക്രമം അനുഭവിച്ച ഭൂരിപക്ഷം സ്ത്രീകളും ഇക്കാര്യം തുറന്നുപറയാത്തത് വ്യക്തിഹത്യ ഭയന്നും സാമൂഹിക വിലക്കുകളും കാരണമാണ്’, കോടതി വിലയിരുത്തി. സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗിക അതിക്രമങ്ങളെയും അപമാനത്തെയും കുറിച്ച് സമൂഹം മനസിലാക്കണമെന്നും കോടതി പറഞ്ഞു.

1994ല്‍ ഒരു അഭിമുഖത്തിനിടെ മുംബൈയിലെ ഹോട്ടല്‍മുറിയില്‍ വെച്ച് എം.ജെ അക്ബര്‍ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പ്രിയാ രമാണി മീടൂ മൂവ്‌മെന്റിലൂടെ വെളിപ്പെടുത്തിയത്. ഇവരുടെ ആരോപണത്തിന് പിന്നാലെ നിരവധി സ്ത്രീകള്‍ അക്ബറിനെതിരെ സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ശക്തമായതോടെ എംജെ അക്ബര്‍ ഒന്നാം മോദി സര്‍ക്കാരില്‍നിന്നും രാജിവെച്ചു. ഇതിന് പിന്നാലെയാണ് പ്രിയാ രമണിക്കെതിരെ എം.ജെ അക്ബര്‍ മാനനഷ്ടത്തിന് കേസ് കൊടുത്തത്.
