ആളുകളിൽ നിന്നും പണം തട്ടുന്ന പോലീസ് പിടിയിലായ ദമ്പതികൾ റിമാണ്ടിൽ; ജോലി വാഗ്ദാനം ചെയ്‌ത്‌ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചു തട്ടിപ്പ് നടത്തിയത് ഇങ്ങനെ

You are currently viewing ആളുകളിൽ നിന്നും പണം തട്ടുന്ന പോലീസ് പിടിയിലായ ദമ്പതികൾ റിമാണ്ടിൽ; ജോലി വാഗ്ദാനം ചെയ്‌ത്‌ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചു തട്ടിപ്പ് നടത്തിയത് ഇങ്ങനെ
ശരണ്യ.എസ്

ചീമേനി / കാഞ്ഞങ്ങാട്: സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അന്താരാഷ്ട്ര ഐ.ടി കമ്പനികളിൽ എൻജീനീയർ ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിയ പ്രതികൾ പോലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശി ശരണ്യ.എസ്, ഭർത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം ആലപ്പുഴ കലവൂരിൽ നിന്നും ചീമേനി എസ്.എച്ച്.ഒ കെ.അജിതയും സംഘവും അറസ്റ്റ് ചെയ്തത്. ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ തിമിരി സ്വദേശിയിൽ നിന്നാണ് പണം തട്ടിയത്.

റിമാണ്ടിലായ ദമ്പതികൾ, പോലീസ് പിടിച്ചെടുത്ത രേഖകൾ

വിവിധ മേൽവിലാസങ്ങളിൽ മൊബൈൽ സിം കാർഡുകൾ കരസ്ഥമാക്കിയും ഒളിവിൽ കഴിയുന്ന വിലാസങ്ങളിൽ ആധാർ കാർഡുകൾ സമ്പാദിച്ചുമാണ് ഇവർ നാല്‌ ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. തമിഴ്നാട്ടിലും കേരളത്തിലും വിവിധ സ്ഥലങ്ങളിലും താമസിച്ച് വിദേശത്ത് ബിസിനസ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യൽ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് ഇവർ ആളുകളെ കബളിപ്പിച്ചിരുന്നത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെ പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകൾ പ്രതികൾ നടത്തിയതായി കണ്ടെത്തിയത്. അവിടെയും പരാതിക്കാർ അന്വേഷണമാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

റിമാണ്ടിലായ ശരണ്യ.എസ്, പോലീസ് പിടിച്ചെടുത്ത രേഖകൾ

തട്ടിപ്പ് നടത്തിയ ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞും പുതിയ ആളുകളെ പരിചയപ്പെട്ട് കുറ്റകൃത്യം തുടരുന്ന രീതിയാണ് പ്രതികൾ അവലംബിച്ചത്. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ കെ.അജിത എ.എസ്.ഐ മനോജ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ് കുഞ്ഞി വീട്ടിൽ, ശ്രീകാന്ത് പി, സിവിൽ പോലീസ് ഓഫീസർമാരായ ഹരികൃഷ്ണൻ, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഹോസ്ദുഗ്ഗ് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്‌ചത്തേക്ക് റിമാണ്ട് ചെയ്തു.

0Shares