
പഴയങ്ങാടി / കണ്ണൂര്‍: ശനിയാഴ്‌ച വിവാഹാരവങ്ങള്‍ ഉയരേണ്ട വീട് പ്രിയപ്പെട്ടവളുടെ ആകസ്മിക വേര്‍പ്പാടില്‍ കണ്ണീരിൽ മുങ്ങി. ഭര്‍തൃസഹോദരിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഫാത്തിമ ഖമറുദ്ദീൻ്റെ (24) ജീവന്‍ വാഹന അപകടത്തില്‍ പൊലിഞ്ഞത്.
വ്യാഴാഴ്‌ച പഴയങ്ങാടി പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു മരണം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ കീഴറയിലെ കണ്ണപുരം നോര്‍ത്ത് എല്‍.പി സ്‌കൂള്‍ അധ്യാപിക കുറ്റൂര്‍ സ്വദേശി സി.പി വീണ(47)യും ദാരുണമായി മരണപ്പെടുകയും ഫാത്തിമയുടെ ഭര്‍ത്താവ് കുട്ടിയസ്സന്‍ സാക്കി, മകള്‍ ഒന്നര വയസ്സുള്ള ഇസ്സ, മാതാവ് എം.പി താഹിറ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ശനിയാഴ്‌ച ഫാത്തിമയുടെ ഭര്‍തൃസഹോദരി ഹാദിയയും ഇരിക്കൂര്‍ ദാറുല്‍ ഫലാഹില്‍ എന്‍. ഖാലിദിൻ്റെ മകന്‍ സി.സി സഗീറും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വിവാഹത്തിനായി ഇരുവീടുകളിലും ഒരുക്കങ്ങള്‍ നടക്കുകയും പന്തലുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. കുടുംബാംഗത്തിൻ്റെ അകാലമരണത്തെ തുടര്‍ന്ന് വിവാഹം മാറ്റിവെച്ചു.
വ്യാഴാഴ്‌ച വൈകീട്ട് അഞ്ചോടെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുകയായിരുന്ന ഫാത്തിമയും കുടുംബവും സഞ്ചരിച്ച കാറും ചെറുകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ എല്ലാവരെയും ചെറുകുന്നിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിമയുടെയും വീണയുടെയും എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല.
എന്‍.ഖമറുദീനാണ് ഫാത്തിമയുടെ പിതാവ്. സഹോദരങ്ങള്‍: ഫാസില, ഫൈറൂസ, ഫവാസ്, ഫസീഹ്. വീണയുടെ മകന്‍ വിദ്യാര്‍ഥിയായ പൃഥ്വിദേവാണ്. സഹോദരങ്ങള്‍: ബിനു, ഷിജി.
