ജാതിയും രാഷ്ട്രീയവും ചോദിച്ച് കേന്ദ്ര സർക്കാർ; വിവാദമായി ആരോഗ്യ ഐ.ഡി യിലെ വ്യവസ്ഥകൾ

  • Post category:news
  • Reading time:1 min read
You are currently viewing ജാതിയും രാഷ്ട്രീയവും ചോദിച്ച് കേന്ദ്ര സർക്കാർ; വിവാദമായി ആരോഗ്യ ഐ.ഡി യിലെ വ്യവസ്ഥകൾ

ആരോഗ്യ ഐ.ഡിയിൽ വിവാദ വ്യവസ്ഥകളുമായി കേന്ദ്രസർക്കാർ. ഐ.ഡി. തയ്യാറാക്കുന്നതിലേക്ക് വ്യക്തിയുടെ ജാതിയും മതവും രാഷ്ട്രീയവും ലൈംഗിക താത്പര്യവും നൽകണമെന്ന് കരടിൽ ആവശ്യപ്പെടുന്നു.
കരട് ആരോഗ്യ നയത്തിൽ സെപ്റ്റംബർ മൂന്നുവരെ ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. അതേസമയം ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

ഓരോ വ്യക്തിയുടെയും ആരോഗ്യ വിവരങ്ങൾ അടങ്ങുന്ന ഐ.ഡി. തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കിയത്. ഇതിന്‍റെ ചുവടു പിടിച്ചാണ് ആരോഗ്യ മന്ത്രാലയം കരട് നയം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഹെൽത്ത് മാനേജ്മെന്റ് നയപ്രകാരം വ്യക്തിപരമായ വിവരങ്ങൾ നൽകണം. രോഗങ്ങളും ചികിത്സാ വിവരങ്ങളും നൽകുന്നതിനു പുറമേ ജാതി, മതവിശ്വാസം, ലൈംഗിക താൽപര്യം, ബാങ്ക് ക്രെഡിറ്റ്- ഡെബിറ്റ് കാർഡ് വിവരങ്ങൾ എന്നിവയും സർക്കാർ തേടും.

എന്നാൽ ഇത് നൽകാതിരിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും കരടിൽ പറയുന്നുണ്ട്. ഈ വിവരങ്ങൾ, കേന്ദ്രതലത്തിലും സംസ്ഥാന തലത്തിലും അതത് ചികിത്സ കേന്ദ്രങ്ങളിൽ മാത്രമേ സൂക്ഷിക്കുകയുള്ളൂ എന്നാണ് കേന്ദ്രത്തിന്‍റെ വാദം. ഗവേഷണത്തിന് വിവരങ്ങൾ നൽകുകയാണെങ്കിൽ ആ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടരുതെന്ന നിർദേശവും കരടിൽ നൽകിയിട്ടുണ്ട്.

0Shares