സംസ്ഥാന ബജറ്റില്‍ കാസർകോട് ജില്ലയ്ക്ക് പരിഗണന : വികസന പാക്കേജിന് 75 കോടി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി

  • Post category:local news
  • Reading time:4 mins read
You are currently viewing സംസ്ഥാന ബജറ്റില്‍ കാസർകോട് ജില്ലയ്ക്ക് പരിഗണന : വികസന പാക്കേജിന് 75 കോടി; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി

കാസർകോട്: സംസ്ഥാന ബജറ്റില്‍ കാസര്‍കോട് ജില്ലയില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുക വകയിരുത്തി. കാസര്‍കോട് വികസന പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം, കാസര്‍കോട് എയര്‍സ്ട്രിപ്പ്, ബേക്കല്‍ ടൂറിസം വികസനം, പുതിയ പാലങ്ങള്‍, റോഡുകള്‍, ടാറ്റ ആശുപത്രി എന്നിവ ബജറ്റില്‍ ഉള്‍പ്പെടുത്തി.

കാസര്‍കോട് വികസന പാക്കേജിന് 75 കോടി രൂപ വകയിരുത്തി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷന്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്ര പാക്കേജ് 17 കോടി രൂപ. ജില്ലയില്‍ പുതിയ കരിയര്‍ ഡെവലപ്‌മെന്റ് കേന്ദ്രം സ്ഥാപിക്കും. ടാറ്റാ ട്രസ്റ്റ് ഗവണ്‍മെന്റ് കോവിഡ് ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ബസ് സ്റ്റേഷന്‍ നിര്‍മ്മിക്കും. ജില്ലയില്‍ പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കും. കൊല്ലത്തും കാസര്‍കോടും ഫാക്ടറി സ്ഥാപിക്കാന്‍ നാലു കോടി രൂപ വകയിരുത്തും.

നാളികേര സംഭരണത്തിന് രണ്ടു രൂപ തറവില വര്‍ദ്ധിപ്പിച്ചതും ജില്ലയ്ക്ക് ഗുണകരമാകും. ബേക്കല്‍ ഉള്‍പ്പെടുന്ന സംസ്ഥാന വിനോദ ടൂറിസം ഇടനാഴിക്ക് 50 കോടി രൂപ വകയിരുത്തി. കാസര്‍കോട് ഉള്‍പ്പെടെ വിവിധ ജില്ലകളിലെ എയര്‍ സ്ട്രിപ്പുകള്‍ക്ക് പ്രത്യേക ഉദ്ദേശ്യ കമ്പനി രൂപീകരിക്കും. ഇതിന് 20 കോടി രൂപ മാറ്റിവെച്ചു. ജില്ലയില്‍ പൈതൃകം മ്യൂസിയം യാഥാര്‍ത്ഥ്യമാക്കും.

വിവിധ ജില്ലകളില്‍ പൈതൃകം മ്യൂസിയം സ്ഥാപിക്കുന്നതിന് 5.50 കോടിയാണ് വകയിരുത്തിയത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. കളക്ടറേറ്റില്‍ സംസ്ഥാന ചേമ്പര്‍ ഒരുക്കും. ഇതിന് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 70 കോടി രൂപ വകയിരുത്തി.

മഞ്ചേശ്വരം മണ്ഡലം

ഉപ്പള ഫയര്‍‌സ്റ്റേഷന് കെട്ടിടത്തിന് 1.5 കോടി വകയിരുത്തി. സീതാംഗോളി ഐ.ടി.ഐ കെട്ടിടം ഒരു കോടി. വോര്‍ക്കോടി, മീഞ്ച ഗ്രാമപഞ്ചായത്ത് സ്റ്റേഡിയങ്ങള്‍ക്ക് ഒരു കോടി വീതം. പാര്‍ത്ഥി സുബ്ബയക്ഷഗാന അക്കാദമി 10 ലക്ഷം. ബെദ്രം പള്ള – ബന-ബലത കല്ല് – പട്‌ളതല റോഡ് വികസനം 1 കോടി വകയിരുത്തി.

കാസര്‍കോട് മണ്ഡലം

കാസര്‍കോട് മണ്ഡലത്തില്‍ കാസര്‍കോട് നഗരസഭാ സ്റ്റേഡിയത്തില്‍ 400 മീറ്റര്‍ സിന്തറ്റിക്ക് ട്രാക്കും ഒരു ഫിറ്റ്‌നസ് സെന്ററും പദ്ധതിയ്ക്ക് 80 ലക്ഷം ബജറ്റില്‍ വകയിരുത്തി. കാസര്‍കോട് വീവേഴ്‌സ് സൊസൈറ്റിയുടെ പുനരുജ്ജീവനത്തിനു 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. ബജറ്റിലേക്ക് 20 പ്രവൃത്തികളുടെ പ്രൊപ്പോസലുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 18 പ്രവൃത്തികള്‍ക്ക് ടോക്കണ്‍ തുക അനുവദിച്ചു. കാസര്‍കോട് കിന്‍ഫ്ര ചെറുകിട വ്യവസായ പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിനായി തുക വകയിരുത്തി.

കാസര്‍കോട് 1.99 ഏക്കര്‍ ഭൂമി കെ.എസ്.ഐ.ഡി.സിയുടെ കൈവശമുണ്ട്. ഈ പ്രദേശം വ്യാവസായികാവശ്യത്തിന് വിനിയോഗിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താന്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവല്പിമെന്റിനെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. ഒരുലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്മണുമുള്ള സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി കെട്ടിടത്തിൻ്റെ നിര്‍മ്മാണവും എല്ലാ അടിസ്ഥാന സൗകര്യവും ഒരുക്കുന്നതിനും തുക വകയിരുത്തി. കാസര്‍കോടിലെ കെല്‍.ഇ.എം.എല്‍ കമ്പനിയൂടെ പുനരുജ്ജീവനത്തിനും പുനര്‍നിര്‍മ്മാണത്തിനും പത്ത് കോടി വകയിരുത്തി.

ഉദുമ മണ്ഡലം

ചട്ടഞ്ചാല്‍ ബിട്ടിക്കല്‍ മുനമ്പം കല്ലളി പെര്‍ളടുക്കം റോഡില്‍ മുനമ്പം പാലം നിര്‍മ്മാണത്തിന് 10 കോടി രൂപ വകയിരുത്തി. പുല്ലൂര്‍ പെരിയ അഞ്ചനം തോട് പാലവും, കാലിയടുക്കം ആയംമ്പാറ റോഡ് നിര്‍മ്മാണത്തിന് അഞ്ച് കോടി രൂപ വകയിരുത്തി. വിനോദ ടൂറിസം ഇടനാഴിയില്‍ ബേക്കല്‍ ഉള്‍പ്പെടുന്നു. ബേക്കല്‍ റിസോര്‍ട്ട്‌സ് വികസന കോര്‍പ്പറേഷന് (ബി.ആര്‍.ഡി.സി) 1.5 കോടി രൂപ വകയിരുത്തി.

അജാനൂര്‍ പഞ്ചായത്തിലെ കൊളവയലില്‍ ബേക്കല്‍ ടൂറിസം വില്ലേജ് (50 ലക്ഷം രൂപ), ബേക്കല്‍ കോട്ടയ്ക്ക് സമീപം ഹെറിറ്റേജ് ബീച്ച് പാര്‍ക്ക്, ജല കായിക കേന്ദ്രം വികസനം (50 ലക്ഷം), ഇവന്റുകള്‍, ബോധവത്കരണം, മാര്‍ക്കറ്റിംഗ് (25 ലക്ഷം), ബേക്കല്‍ കോട്ട പാര്‍ക്കിംഗ് ബേ നവീകരണം (25 ലക്ഷം) പെരിയ എയര്‍ട്‌സ്ട്രിപ്പ് നിര്‍മ്മാണത്തിന് 1.26 കോടി രൂപ വകയിരുത്തി. ബേക്കല്‍ – കോവളം വെസ്റ്റ്‌കോസ്റ്റ് കനാലിന് 300 കോടി രൂപ വകയിരുത്തി.

കാഞ്ഞങ്ങാട് മണ്ഡലം

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 2023-24 സംസ്ഥാന ബഡ്ജറ്റ് കാരാക്കോട് പാലം നിര്‍മാണം 5 കോടി രൂപ (ഹോസ്ദുര്‍ഗ് – വെള്ളരിക്കുണ്ട് താലൂക്കുകളെ ബന്ധപ്പെടുത്തുന്ന പാലം), ചെരണത്തല പാലം നിര്‍മ്മാണം 5 കോടി രൂപ (മടിക്കൈ ) എന്നിവ അനുവദിച്ചു.

കൂടാതെ ബഡ്ജറ്റില്‍ ഇടം നേടിയ പ്രധാന പദ്ധതികള്‍. മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണം, കാഞ്ഞങ്ങാട് സിവില്‍ സര്‍വ്വീസ് അക്കാദമി കെട്ടിട നിര്‍മ്മാണം, കാഞ്ഞങ്ങാട് വ്യവസായ പാര്‍ക്കില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കല്‍, കുന്നുപാറ -പൊടിപ്പള്ളം റോഡ് നവീകരിക്കല്‍, കാട്ടിപ്പോയില്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണം, കാഞ്ഞങ്ങാട് ഡ്രൈനേജ് നിര്‍മാണം, മടിക്കൈ മാംസ സംസ്‌കരണ പദ്ധതി, ചുള്ളിക്കര – കുറ്റിക്കോല്‍ റോഡ് (കി.മീ 3 മുതല്‍ 4 വരെ) നവീകരിക്കന്‍, മാലക്കല്ല് – പൂക്കയം റോഡ് (കി.മീ 5/500 മുതല്‍ 7/800 വരെ) നവീകരിക്കല്‍, മണിക്കല്ല് പാലം നിര്‍മ്മാണം, പൂടങ്കല്ല് – ബളാല്‍ റോഡ് നവീകരണം, ബേളൂര്‍ തട്ടുമ്മല്‍ സ്റ്റേഡിയം നിര്‍മ്മാണം, ബളാല്‍ – അരീക്കര പരപ്പ റോഡ് നവീകരണം, കോളിച്ചാല്‍ – പ്രാന്തര്‍ കാവ് ‘ -പാലച്ചാല്‍ റോഡ് നിര്‍മ്മാണം, ജി.വി.എച്ച്.എസ്.എസ് മടിക്കൈ മേക്കാട്ട് ശത വാര്‍ഷികം പ്രമാണിച്ച് കെട്ടിട നിര്‍മ്മാണം, കുയ്യങ്ങാട് – എരുമക്കുളം -കോടോത്ത് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ എന്നിവ ടോക്കണ്‍ തുകയോടെ സ്ഥാനം നേടി.

തൃക്കരിപ്പൂര്‍ മണ്ഡലം

നീലേശ്വരം മുണ്ടേമാട് റോഡ് പാലത്തിന് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെ കാനോത്തുംപൊയിൽ പാലവും അനുബന്ധം റോഡ് നിർമ്മാണവും, ചീമേനി ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജിന് സ്പെഷ്യൽ ബ്ലോക്ക് നിർമ്മാണം, ചന്തേര റെയിൽ ഓവർബ്രിഡ്ജ്, ഒളവറ ഉളിയംകടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ്, ഒളവറ ഉടുംമ്പന്തല ആയിറ്റി റോഡ് പരിഷ്കരണം, തൃക്കരിപ്പൂർ ഫയർ സ്റ്റേഷൻ സ്പെഷ്യൽ ബ്ലോക്ക് നിർമ്മാണം, മാവിലാക്കടപ്പുറം വലിയപറമ്പ്പാലം റോഡ് പരിഷ്കരണം, ഭീമനടി-ചീമേനി എന്നിവിടങ്ങളിൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണം.

നീലേശ്വരം നഗരസഭയിലും അനുബന്ധപ്രദേശങ്ങളിലും കുടിവെള്ള പദ്ധതി, വലിയപറമ്പ് പഞ്ചായത്തിൽ കടലാക്രമണ പ്രതിരോധ പദ്ധതികൾ, ചെറുവത്തൂരിൽ സബ് രജിസ്ട്രാർ ഓഫീസ് അനുവദിക്കൽ, എളേരിത്തട്ട് ത്തട്ട് ഇ.കെ.എൻ.എം. ഗവൺമെന്റ് കോളേജിന് എംകോം,എം.എ പൊളിറ്റിക്കൽ സയൻസ് കോഴ്സുകൾ അനുവദികൽ , ബങ്കളം തെക്കൻ ബങ്കളം റോഡ് പരിഷ്കരണം, ചെറുവത്തൂർ ടി. എച്ച്. എസ് ക്യാമ്പസിൽ സർക്കാർ എൻജിനീയറിങ് കോളേജ്, പോത്താംകണ്ടം -അത്തൂട്ടി- പാമ്പെരിങ്ങര -പള്ളിപ്പാറ റോഡ് പരിഷ്കരണം, ചീമേനി വ്യവസായ പാർക്ക്, തൃക്കരിപ്പൂർ സബ് ട്രഷറി എന്നീ പദ്ധതികൾ ടോക്കൺ പ്രൊവിഷൻ നൽകി ഉൾപ്പെടുത്തിയിട്ടുണ്ട്.

0Shares