കൊവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ നിശ്ചലരായി; സ്വയം വിമർശനവുമായി കെ. സുധാകരൻ

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ നിശ്ചലരായി;  സ്വയം വിമർശനവുമായി കെ. സുധാകരൻ

തദ്ദേശ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ കോൺഗ്രസിന് വലിയ പോരായ്മകൾ സംഭവിച്ചുവെന്ന സ്വയം വിമർശനവുമായി കെ.സുധാകരൻ. കൊവിഡ് കാലത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾക്ക് മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ നിശ്ചലരായെന്നും സുധാകരൻ പറഞ്ഞു.

ഇരിക്കൂറിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എനിക്കാര്, എന്‍റെ മക്കൾക്കാര്, എന്റെ കുടുംബത്തിനാര്, അസുഖം വന്നാൽ ആര് സഹായിക്കും അവരാണ് എന്‍റെ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് നാം ജീവിക്കുന്നത്. ഇങ്ങനെയുള്ള ഘട്ടത്തിൽ അവരെ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു എന്ന് വരുത്താനുള്ള പ്രവർത്തന ശൈലികൂടി അനിവാര്യമാണ്. അതുകൊണ്ട് തന്നെ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും സുധാകരൻ പറഞ്ഞു.

‘പലതും നമുക്ക് ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് സർക്കാരിന്‍റെ പോരായ്മകൾ ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. പത്രമാധ്യമങ്ങളിലൂടെ സ്വർണ്ണക്കടത്തും മറ്റുംഅറിയുന്നത് 40 ശതമാനത്തോളം പേർ മാത്രമാണ്. ബാക്കിയുള്ളവരിലേക്ക് നമ്മൾ എത്തിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് കാരണം നമുക്കതിന് സാധിച്ചില്ല. എന്നാൽ സിപിഎം തന്ത്രപരമായി ഇതിന് പരിഹാരം കണ്ടെത്തി.

കൊവിഡ് ഘട്ടത്തിൽ ഒരുപാട് വളണ്ടിയർമാരെ ഉണ്ടാക്കി അവരിലൂടെ കിറ്റും മരുന്നും പെൻഷനും വിതരണം ചെയ്തു. വളരെ പ്ലാൻ ചെയ്ത ഈ പ്രവർത്തനത്തിന് മുന്നിൽ നമ്മൾ നിശ്ചലരായി. ജനങ്ങളിൽ നിന്ന് അകന്നുപോയി. ഡി.വൈ.എഫ്ഐയുടെ കുട്ടികൾക്ക് മാത്രമാണ് വളണ്ടിയർ കാർഡ് നൽകിയത്. അവരുടെ കുട്ടികൾ വീടുകളിൽ ചാടികയറി വർത്തമാനം പറഞ്ഞു’ സുധാകരൻ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ പിണറായി വിജയൻ കൽതുറങ്കിലേക്ക് പോകുമെന്ന് കാര്യം ഞാൻ ഉറപ്പ് പറയുന്നുവെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഒരു സംസ്ഥാനത്തെ ഒരുമുഖ്യമന്ത്രിയും ചെയ്യാത്ത കൊള്ളക്കാരന്‍റെ റോളിൽ ഭരണം നടത്തിയ ആദ്യത്തെയാളാണ് പിണറായി വിജയൻ. ഉളപ്പില്ലായ്മയുടെ പ്രതീകമാണ് പിണറായി വിജയനെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

0Shares