
കാസർകോട് / കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിങ്കളാഴ്‌ചയും കരിങ്കൊടി പ്രതിഷേധം. ദേശീയപാതയില്‍ ചുടല എ.ബി.സിക്ക് സമീപത്തും പരിയാരം പൊലീസ് സ്‌റ്റേഷന് മുന്നിലുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. പത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.
സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ പ്രസിഡണ്ട് സുദീപ് ജയിംസ്, വൈസ്. പ്രസിഡണ്ട് വി.രാഹുല്‍, ജില്ലാ സെക്രട്ടറി മഹിത മോഹന്‍, രാഹുല്‍ പൂങ്കാവ്, സുധീഷ് വെള്ളച്ചാല്‍, മനോജ് കൈതപ്രം, വിജേഷ് മാട്ടൂല്‍, ജയ്‌സണ്‍ മാത്യു, സി.വി വരുണ്‍ എന്നിവരാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഏഴുപേരെ കരുതല്‍ തടങ്കലിലാക്കി. കാസര്‍കോട് ചീമേനിയില്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സന്ദീപിനെ കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് ഉമേഷ് കാട്ടുകുളങ്ങരയെ കരുതല്‍ തടങ്കലിലാക്കി.
കാസർകോടിന് പുറമേ നാല് ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും പതിനാല് ഡി.വൈ.എസ്.പി മാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്കാണ് മേൽനോട്ട ചുമതലയുള്ളത്.
