പ്രസിഡന്റ് മാറണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കത്തയച്ചതില്‍ കോൺഗ്രസിൽ വിവാദം; രാഹുല്‍ ഗാന്ധിയും രംഗത്ത് ; കത്ത് വിവാദം കൊഴുക്കുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing പ്രസിഡന്റ് മാറണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കത്തയച്ചതില്‍ കോൺഗ്രസിൽ വിവാദം; രാഹുല്‍ ഗാന്ധിയും രംഗത്ത് ; കത്ത് വിവാദം കൊഴുക്കുന്നു

സംഘടനാ പ്രസിഡന്റ് മാറണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കത്തയച്ചതിനെച്ചൊല്ലി കോൺഗ്രസിൽ വിവാദം കൊഴുക്കുകയാണ്. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ സോണിയാ ഗാന്ധിക്ക് കത്തയച്ച സംഭവത്തിനെതിരെ രാഹുല്‍ ഗാന്ധി തന്നെ രംഗത്തു വന്നുകഴിഞ്ഞു. അമ്മയ്ക്ക് സുഖമില്ലാതിരിക്കുന്ന സാഹചര്യത്തില്‍ തന്നെ നേതൃമാറ്റത്തെ സംബന്ധിച്ച കത്ത് അയച്ചതെന്തിനാണെന്നാണ് രാഹുല്‍ ചോദിക്കുന്നത്.

കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണമാണ് രാഹുല്‍ ഉന്നയിച്ചത്. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ എത്രയും പെട്ടെന്ന് നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കള്‍ സോണിയക്ക് അയച്ച കത്ത് കോണ്‍ഗ്രസിനകത്ത് ഭിന്നതയ്ക്ക് വഴിയൊരുക്കിയിരുന്നു. നേതാക്കളുടെ നടപടിയെ വിമര്‍ശിച്ച് പലരും രംഗത്തെത്തിയിരുന്നു.

കത്തയച്ച ഈ 23 നേതാക്കളല്ല കോണ്‍ഗ്രസ് എന്ന കാര്യം ഓര്‍ക്കണം എന്ന രീതിയിലടക്കമുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃ മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള ആദ്യ കത്തല്ല ഇതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കത്തയച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന നേതാവ് നേരത്തെയും സമാനമായ ആവശ്യം ഉയര്‍ത്തി രണ്ട് തവണ സോണിയക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്. ലോക് ഡൗണ്‍സമയത്തു തന്നെ ഈ നേതാവ് കത്തയച്ചതായാണ് പറയുന്നത്.

എന്നാല്‍ ആ രണ്ട് കത്തിന്സോണിയയുടെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. പിന്നീട് 23 പേര്‍ ചേര്‍ന്ന് അയച്ച കത്താണ് ചര്‍ച്ചയായത്. ഹൈക്കമാന്‍ഡിനെ ദുര്‍ബലപ്പെടുത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതിന് തുല്യമാണെന്നും തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് എങ്ങനെ അത്തരമൊരു കത്ത് എഴുതാന്‍ കഴിഞ്ഞെന്നാണ് താന്‍ ആലോചിക്കുന്നതെന്നുമാണ് കത്ത് വിവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചത്.

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള നടപടി ആരില്‍നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ആന്റണി പറഞ്ഞിരുന്നു. കത്തിലെ അക്ഷരത്തേക്കാള്‍ അതിലെ ഉള്ളടക്കം ക്രൂരമായിരുന്നെന്നും കോണ്‍ഗ്രസിന്‍റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്കൊപ്പം നിന്നയാളാണ് സോണിയയെന്നും ആന്റണി പറഞ്ഞു. നേതൃത്വത്തെ കുറിച്ചും പാര്‍ട്ടിയിലെ അനിശ്ചിതത്വത്തെ കുറിച്ചും പറയുന്ന കത്ത് പ്രവര്‍ത്തകരെ കൂടി നിരാശയിലാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും പറഞ്ഞു.

എന്നാല്‍, ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണ് എന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ച് 23 മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. പൂര്‍ണസമയ നേതൃത്വം പാര്‍ട്ടിക്ക് വേണമെന്നതുള്‍പ്പെടെ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുലിന്‍റെ വരവ് ചിലര്‍ എതിര്‍ക്കുന്നു എന്ന പ്രചാരണം ഇതിന്‍റെ ഭാഗമാണെന്നും കത്തില്‍ പറഞ്ഞിരുന്നു.

0Shares