
കൊല്ലം: കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പൊലീസ് ജീപ്പിൻ്റെ ചില്ല് അഭിഭാഷകര്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. തിങ്കളാഴ്‌ച രാവിലെ പതിനൊന്നു മണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു. കഴിഞ്ഞമാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു അഭിഭാഷകരുടെ നടപടി.

കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിൻ്റെ ചില്ല് അക്രമികള്‍ അടിച്ചുതകര്‍ത്തു. പൊലീസിൻ്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
