
കൊല്ലം: കരുനാഗപ്പള്ളിയില്‍ അഭിഭാഷകരും പോലീസും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവായി ആശുപത്രി രേഖകള്‍. വാഹനാപകടം ഉണ്ടാക്കിയതിന് പോലീസ് പിടികൂടിയ അഭിഭാഷകന്‍ ജയകുമാര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ട്.
മദ്യപിച്ചോ എന്ന് കണ്ടെത്താന്‍ പൊലീസ് ആശുപത്രിയിൽ എത്തിച്ചപ്പോള്‍, അവിടെയും അഭിഭാഷകന്‍ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നിട്ടുണ്ട്. ആശുപത്രിയില്‍ വച്ച് അഡ്വ. ജയകുമാര്‍ പോലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്.

വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാറിനെ കരുനാഗപ്പള്ളി എസ്.എച്ച്.ഒയുടെ നേതൃത്വത്തില്‍ പോലീസ് മര്‍ദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം. അതേസമയം, കരുനാഗപ്പള്ളി എസ്.എച്ച്.ഒക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ അഭിഭാഷകരുടെ മൊഴിയും വ്യാജം.
എസ്.എച്ച്.ഒക്ക് എതിരായി മൊഴി നല്‍കിയ അഭിഭാഷകര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. മൊഴി നല്‍കിയ രണ്ട് അഭിഭാഷകരും 20 കിലോമീറ്ററോളം അകലെയായിരുന്നുവെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ രേഖകളും പുറത്തുവന്നിട്ടുണ്ട്. അഡ്വ. ജയകുമാറിനെ എസ്.എച്ച്.ഒ മര്‍ദ്ദിക്കുന്നത് കണ്ടെന്നായിരുന്നു അഭിഭാഷകരുടെ മൊഴി.
