
തിരുവനന്തപുരം: സ്വന്തം വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ എന്തെങ്കിലും വിവരം പോലീസിന് കൈമാറാനുണ്ടോ? പോലീസുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്ന രഹസ്യ വിവരങ്ങളും കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും കുറിച്ചുള്ള വിവരങ്ങളും നിങ്ങളുടെ വ്യക്തി വിവരം വെളിപ്പെടുത്താതെ തന്നെ പോലീസിനെ അറിയിക്കാവുന്നതാണ്. കേരള പോലീസിൻ്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പിൽ ഇതിനായുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.
ഇതിനായി പോൽ ആപ്പിലെ service എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം Share Information Anonymously എന്ന icon ക്ലിക്ക് ചെയ്‌ത് രഹസ്യ വിവരം പോലീസിന് കൈമാറാവുന്നതാണ്.

കുറ്റകൃത്യം നടന്ന സ്ഥലം, തീയതി, ലഘുവിവരണം, ചിത്രങ്ങളടക്കം ആപ്പ് മുഖേന നൽകാം. ഇത്തരം പതിനായിരത്തോളം വിവരങ്ങളാണ് പോലീസിനെ സഹായിക്കാനായി പൊതുജനങ്ങൾ ഇതുവരെ കൈമാറിയത്.
സമൂഹത്തിൽ നടക്കുന്ന നിയമ ലംഘനങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പോലീസിൻ്റെ ശ്രദ്ധയിൽ പെടുത്തേണ്ടത് പൗരബോധമുള്ള ഒരു സമൂഹത്തിൻ്റെ കടമയാണെന്ന് പോലീസ് അറിയിച്ചു.
കുറ്റകൃത്യങ്ങൾ തടയാനും ക്രമസമാധാനം നിലനിർത്താനും പോലീസിന് പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും അനിവാര്യമാണ്. അതിനായി പോൽ ആപ്പിലെ ഈ സൗകര്യം പരമാവധി വിനിയോഗിക്കണം എന്നും കേരള പോലീസ് ആവശ്യപ്പെട്ടു.
