മോദിയുടെ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മോദിയുടെ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ഹിമാചൽ സർക്കാർ. ഉത്തരവ് വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് മാണ്ഡി ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്.

പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ മാധ്യമപ്രവര്‍ത്തകരെയും സ്വാഗതം ചെയ്തുകൊണ്ട് ഡി.ജി.പി സഞ്ജയ് കുണ്ടു ട്വീറ്റും ചെയ്തു.ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു മാണ്ഡി ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവ്. സ്വകാര്യ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമല്ല ഓള്‍ ഇന്ത്യ റേഡിയോ, ദൂരദര്‍ശന്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത് ബാധകമാണെന്നായിരുന്നു ഉത്തരവ്.

സെപ്റ്റംബര്‍ 29ന് തന്നെ പോലീസ് ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ഫോട്ടോഗ്രാഫര്‍മാരും വീഡിയോ ഗ്രാഫര്‍മാരും ഉള്‍പ്പെടുന്ന ജില്ലയിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും പട്ടിക അവരുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നല്‍കാന്‍ ജില്ലാ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വഭാവ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അല്ലെങ്കില്‍ സി.ഐ.ഡി ഓഫീസിലോ ഒക്ടോബര്‍ ഒന്നിനകം സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. പ്രധാനമന്ത്രിയുടെ പരിപാടിയിലെ പ്രവേശനം സ്വഭാവ സര്‍ട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തില്‍ ഈ ഓഫീസുകള്‍ തീരുമാനിക്കും എന്നുമായിരുന്നു അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നത്.

0Shares