
ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഹൈക്കോടതിയുടെ വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടർന്നുണ്ടായ മുസ്‌ലിം സമുദായത്തിന്‍റെ ആശങ്ക അറിയിക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ഏറെ പിന്നാക്കം നിൽക്കുന്ന മുസ്‌ലിം സമുദായത്തിന്‍റെയും ന്യുനപക്ഷ വിഭാഗങ്ങളുടെയും ഉന്നമനത്തിന് സർക്കാരിന്‍റെ അടിയന്തിര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായി കാന്തപുരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളർഷിപ്പ് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ശേഷിക്കുന്നുവെങ്കിൽ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.
‘ഉദ്യോഗ, തൊഴിൽ, സേവന മേഖലകളിലും സർക്കാർ, അർദ്ധ സർക്കാർ, ബോർഡ്, കോർപ്പറേഷനുകളിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കണമെന്നും, മലബാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത, പി.എസ്.സി. റൊട്ടേഷൻ സമ്പ്രദായം മാറ്റി സ്ഥാപിക്കുക, മറ്റു പൊതുതാത്പര്യ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി,’ കാന്തപുരം പറഞ്ഞു. ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ സർക്കാർ എടുത്ത തീരുമാനം ധൃതിപിടിച്ചതായിപ്പോയെന്നും എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം നേരത്തെ പറഞ്ഞിരുന്നു.
