
പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് യുവാവിന് നേരെ വധശ്രമം. സി.പി.ഐ. വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗം കയ്യാലത്തോടി റിനീഷിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. കോവൂരിലെ ടെക്‌സ്‌റ്റൈൽ സ്ഥാപനം അടച്ചു സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു ആക്രമണം.
റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച്, തലയിലുണ്ടായിരുന്ന ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു.

ഗുരുതരമായി പരിക്കേറ്റ റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യാസഹോദരനായ സ്വരൂപിൻ്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതാണ് ക്വട്ടേഷൻ ആക്രമണത്തിൻ്റെ കാരണമെന്നാണ് റിനീഷിൻ്റെ പരാതി. സ്വരൂപിൻ്റെ ഭാര്യയുടെ മാതാപിതാക്കളായ പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന കൊട്ടേഷൻ ആണെന്നു പറഞ്ഞായിരുന്നു അക്രമമെന്നാണ് റിനീഷ് പറയുന്നത്.
സ്വരൂപിൻ്റെ പ്രണയവിവാഹത്തിന് പിന്തുണന ൽകിയതിൻ്റെ പേരിൽ നേരത്തെയും റിനീഷിന് ഭീഷണികളുണ്ടായിരുന്നു. കൊലപാതക ശ്രമത്തിൽ സി.പി.ഐ ചേവായൂർ ലോക്കൽ കമ്മറ്റിയും സി.പി.ഐ നോർത്ത് മണ്ഡലം കമ്മറ്റിയും പ്രതിഷേധിച്ചു. അക്രമികൾക്കും അതിനു പ്രേരിപ്പിച്ചവർക്കുമെതിരെ കൊലപാതക ശ്രമ കുറ്റം ചുമത്തണമെന്നും പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് സി. പി. ഐ കമ്മിറ്റികൾ സംയുക്ത പ്രസ്താവനയിൽ ചേവായൂർ പോലീസിനോട് ആവശ്യപ്പെട്ടു
