
തെരഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കത്ത് നൽകി.

‘അയ്യപ്പനും ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ്’ എന്ന പരാമർശത്തിനെതിരേയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ചട്ടലംഘനം ആണ്.
വോട്ട് നേടാനായി ജാതി-മത വികാരങ്ങൾ ഉണർത്തുന്ന താരത്തിലുള്ള അഭ്യർഥനകളോ പരാമർശങ്ങളോ പാടില്ലെന്നാണ് ഈ ഭാഗത്ത് നിഷ്‌കർഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന്‍റെ ദൃശ്യങ്ങൾ അടങ്ങുന്ന സിഡിയും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.
