
ഇടുക്കി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജ് രാജേന്ദ്രന്റേത് സി.പി.എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വമെന്ന് ആഞ്ഞടിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ . മരണവാര്‍ത്ത കേട്ടപ്പോള്‍ സി.പി.എം നേതാക്കള്‍ ആഹ്ലാദിക്കുകയായിരുന്നു.
കേരളത്തിലെ കലാശാലകളില്‍ സി.പി.എം-ഡി.വൈ.എഫ്ഐ-എസ്എഫ്ഐ സംയുക്തമായി ഉണ്ടാക്കിയ കലാപത്തിൻ്റെ രക്തസാക്ഷിയാണ് ധീരജ്. അതില്‍ അവര്‍ക്ക് ദുഃഖമല്ല, ആഹ്ലാദമാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കണമെന്ന് സുധാകരന്‍ പറഞ്ഞു. വിലാപയാത്ര നടക്കുമ്പോള്‍ സി.പി.എമ്മിലെ പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി ഉള്‍പ്പെടെയുള്ളവര്‍ തിരുവനന്തപുരത്ത് മെഗാതിരുവാതിര നടത്തി ആഘോഷിക്കുകയായിരുന്നുവെന്നും സുധാകരന്‍ വിമര്‍ശിച്ചു.
ധീരജ് മരിച്ച ശേഷം കണ്ണൂരില്‍ രക്തസാക്ഷി മണ്ഡപം പണിയാനാണ് സി.പി.എമ്മുകാര്‍ ആദ്യം പോയത്. രക്തസാക്ഷിത്വം ആഹ്ലാദമാക്കാനാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് താത്പര്യമെന്നും സുധാകരന്‍ തുറന്നടിച്ചു. ധീരജിൻ്റെ മരണവാര്‍ത്ത കേട്ട് ദുഃഖിച്ചിരിക്കേണ്ട സമയത്ത് സ്മാരകം പണിയാന്‍ കണ്ണൂരിലെ സി.പി.എം നേതാക്കള്‍ സ്ഥലം വാങ്ങാനുള്ള തിരക്കിലായിരുന്നു. സ്ഥലം വാങ്ങി രേഖയുണ്ടാക്കാനുള്ള തിടുക്കത്തിലായിരുന്നു ചിലര്‍. ദുഃഖിക്കേണ്ട സന്ദര്‍ഭത്തില്‍, കരയേണ്ട സാഹചര്യത്തില്‍ ഭൂമി വാങ്ങാന്‍ പോകുകയാണ് കണ്ണൂരിലെ സി.പി.എമ്മുകാര്‍ ചെയ്തതെന്നും സുധാകരന്‍ ആരോപിച്ചു.

സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ ദിനംപ്രതി അരങ്ങേറിയിട്ടും പോലീസിന് കുലുക്കമില്ല. പോലീസുകാര്‍ സി.പി.എമ്മിൻ്റെ കിങ്കരന്മാര്‍ ആയിരിക്കുന്നുവെന്നും സുധാകരന്‍ വിമര്‍ശിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ക്യാമ്പസില്‍ അക്രമപരമ്പരകള്‍ അരങ്ങേറുകയാണ്. എഞ്ചിനീയറിങ്, ടെക്നിക്കല്‍ സ്‌കൂളുകളില്‍ പൊതുവെ കെ.എസ്.യു ദുര്‍ബലമാണ്. എന്നാല്‍, ഇത്തവണ രണ്ടും കല്‍പ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിരുന്നു. അഭൂതപൂര്‍വ്വമായ വിജയമാണ് കെ.എസ്.യു ഇത്തവണ നേടിയത്. ഒമ്പത് കോളജുകളില്‍ ആറിടത്ത് കെ.എസ്.യു വിജയിച്ചു നില്‍ക്കുകയാണെന്ന് സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.യുവിലെ തൻ്റെ കുട്ടികള്‍ മുമ്പത്തെപ്പോലെയല്ല, രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. പലയിടത്തും അവര്‍ യൂണിയനുകള്‍ പിടിച്ചെടുത്തു കഴിഞ്ഞു. ഇതൊക്കെ കണ്ട് വിളറി പൂണ്ടിരിക്കുകയാണ് എസ്. എഫ്.ഐക്കാര്‍. കെ എസ്.യു പ്രവര്‍ത്തകരെ ഇല്ലാതാക്കാന്‍ പലയിടത്തും അക്രമ പരമ്പരയാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തി വരുന്നതെന്നും സുധാകരന്‍ പറഞ്ഞു.
