
കാസര്‍കോട്: ജില്ലയിൽ വീണ്ടും കവർച്ചാ പരമ്പര. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന് എതിര്‍വശത്തുള്ള ജില്ലാ വ്യാപാര ഭവനില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ലോക്കര്‍ ഉള്‍പ്പെടെ 1.60 ലക്ഷം രൂപയാണ് കവര്‍ന്നത്.
വ്യാഴാഴ്‌ച രാവിലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്. സൊസൈറ്റിയുടെ മുന്‍ വാതില്‍ കുത്തിത്തുറന്ന് അകത്ത് അലമാരയുടെ പൂട്ട് പൊളിച്ചാണ് കവര്‍ച്ച നടത്തിയത്.

ഒരു ക്വിൻ്റെലോളം തൂക്കമുള്ള ലോക്കറും അകത്തുണ്ടായിരുന്ന പണവുമാണ് കവര്‍ന്നത്. വിവരമറിഞ്ഞ് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി. സംഭവത്തിൽ പഴുതടച്ചുള്ള അന്വേഷണം നടത്തി വരികയാണെന്ന് ടൗൺ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി പട്ടേരി ചാനൽ ആർ.ബിയോട് പറഞ്ഞു.
വ്യാപാരികളുടെ അടിയന്തിര യോഗം കാസർകോട് ടൗൺ പോലീസ് സ്റ്റേഷൻ ചേമ്പറിൽ വിളിച്ചു ചേർത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജില്ലാ ഭാരവാഹികൾ യോഗത്തിൽ സംബന്ധിച്ചു. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം ഉളിയത്തടുക്ക മസ്‌ജിദിൻ്റെ കാണിക്കപെട്ടി കുത്തി തുറന്നു കവർച്ച നടന്നിരുന്നു. ഈ ഭാഗത്തെ രണ്ടു കടകളിലും മോഷണ ശ്രമം നടന്നിരുന്നു. വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തുമ്പൊന്നും കിട്ടിയിട്ടില്ല.
Report: Peethambaran Kuttikol
