ജനപ്രതിനിധികളെ അവഗണിച്ച് ഷോ ബിസിനസ് നടത്തുന്നു; കലക്ടർ കോമാളിയാവരുത്: എ.അബ്ദുൾ റഹ്മാൻ

  • Post category:local news
  • Reading time:2 mins read
You are currently viewing ജനപ്രതിനിധികളെ അവഗണിച്ച് ഷോ ബിസിനസ് നടത്തുന്നു; കലക്ടർ കോമാളിയാവരുത്: എ.അബ്ദുൾ റഹ്മാൻ

കാസർകോട് : തെറ്റുകൾ മാത്രം ചെയ്യുന്ന ജില്ലാ കലക്ടർ തനിക്ക് തെറ്റ് പറ്റുന്നില്ല എന്ന് വരുത്തി തീർക്കാൻ നടത്തുന്ന ശ്രമം അങ്ങേയറ്റം പരിഹാസ്യമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവഗണിച്ച് ഷോ ബിസിനസ് നടത്തുന്ന കാസർകോട് ജില്ലാ കലക്ടർ കോമാളിയാവരുത്. കൊറോണക്കാലത്ത് ഭരിക്കാൻ മറന്ന കലക്ടർ വടിയും പിടിച്ച് റോഡിലിറങ്ങുന്നവരെ ആട്ടിയോടിക്കുന്ന കാഴ്ച ജനങ്ങൾ കണ്ടതാണ്. ട്രാഫിക് പോലീസിന്‍റെ ജോലി അവർ ചെയ്യും, അതിന് ഐ.എ.എസ് പട്ടവും പി.ആർ. വർക്കുമൊന്നും വേണമെന്നില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോറോണ വൈറസ് പ്രതിരോധ നടപടി സ്വീകരിക്കുന്നതിലും നാട്ടിലേക്ക് വരുന്ന പ്രവാസികൾക്കും മറുനാടൻ മലയാളികൾക്കും സുരക്ഷയും ക്വാറൻ്റൈനും ഒരുക്കുന്നതിലും ജില്ലാ ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ പരിഹാരം കാണാൻ ജില്ലാ ഭരണകൂടം ഉണർന്നു പ്രവർത്തിക്കണമെന്നും ജില്ലയിലെ ജന പ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ അത് പരിഹരിക്കുന്നതിന് പകരം ചില ദല്ലാളന്മാരെ കൊണ്ട് മറുപടി പറയിപ്പിക്കുകയായിരുന്നു ജില്ലാ കലക്ടർ.

വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മലയാളികൾ യാതൊരു സുരക്ഷയുമില്ലാതെ ദിവസങ്ങളോളം പെരുവഴികളിൽ നരകയാതന അനുഭവിക്കുകയായിരുന്നു. ഇതിന് പരിഹാരം കാണണമെന്നാണ് ജനപ്രതിനിധികളും വിവിധ രാഷ്യട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നത്. കൊറോണ ബാധിതരെ ആദ്യഘട്ടത്തിൽ പ്രവേശിപ്പിച്ചിരുന്ന കാസർകോട് ജനറൽ ആസ്പതിയിൽ കലക്ടർ എത്തിയത് രോഗികൾ എല്ലാം അസുഖം ഭേദമായി പോയതിന് ശേഷമായിരുന്നു എന്നും എ.അബ്ദുൾ റഹ്മാൻ ആരോപിച്ചു.

കോറോണ പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലനിൽക്കുന്ന അരക്ഷിതാവസ്ഥ ചർച്ച ചെയ്യാൻ യോഗം വിളിച്ച് ചേർക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികൾ കളക്ടർക്ക് കത്ത് നൽകിയപ്പോൾ ജനപ്രതിനിധികളെ ഒഴിവാക്കി യോഗം വിളിച്ചു. കലക്ടർക്ക് ജനപ്രതിനിധികളോട് പുച്ഛമാണ്. ജനപ്രതിനിധികളുടെ ഫോൺ പോലും എടുക്കാൻ കളക്ടർ തയ്യാറാവുന്നില്ല. എത്ര വലിയ ഉന്നതനായ ഉദ്യോഗസ്ഥനായാലും പ്രാട്ടോകോളിന്‍റെ ഏത് അളവ് കോൽ വെച്ച് നോക്കിയാലും ജനപ്രതിനിധികളെക്കാൾ ഏറെ പിന്നിലാണ് ഇത്തരം ഉദ്യോഗസ്ഥർ.

ചീഫ് സെക്രട്ടറി ടോം ജോസിന് തിരുവനന്തപുരത്ത് നൽകിയ യാത്രയയപ്പ് പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗം കാസർകോട് ജില്ലാ കളക്ടറെ കുറിച്ചാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങൾ പ്രത്യേക ജനുസാണെന്നും ജനാധിപത്യവും ജനപ്രതിനിധികളുമാണ് തടസ്സമെന്ന് കരുതുന്ന ചിലരെങ്കിലും സിവിൽ സർവ്വീസിലുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുസ്‌ലിം ലീഗിലെ 90% ശതമാനം പ്രവർത്തകരും തനിക്ക് അനുകൂലമാണെന്നാണ് കലക്ടർ പറയുന്നത്. സി.പി.എം.ഏരിയാ സെക്രട്ടറിയെപ്പോലെ പ്രവർത്തിക്കുന്ന ജില്ലാ കലക്ടറെ പിന്തുണക്കേണ്ട ഗതികേട് മുസ്‌ലിം ലീഗ് പ്രവർത്തകർക്കില്ലെന്ന് അബ്ദുൾ റഹ്മാൻ കൂട്ടിച്ചേർത്തു.

ഒരു രാഷ്ട്രിയക്കാരന്‍റെ സ്വരത്തിലാണ് ഈ കണക്കുകൾ പറഞ്ഞിരിക്കുന്നത്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ രാഷ്ട്രിയ പിന്തുണ കണക്കാക്കി പറയുന്നത് അല്പത്തരമാണ്. ജില്ലാ കളക്ടർ പദവിയിൽ ഇരിക്കുന്ന ഒരാൾ ഇങ്ങിനെ തരം താഴരുത്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ്‌ സമയത്തും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലും കലക്ടറുടെ റോൾ എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. പുതിയ പദവികൾ ലഭ്യമാകുന്നതിന് വേണ്ടിയുള്ള ചരടുവലികളും, പാദസേവകളും നടത്തുന്നതിനിടയിൽ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളാന്ന് കലക്ടർ നടത്തുന്നതെന്നും അബ്ദുൽ റഹ്മാൻ പറഞ്ഞു.

0Shares