
മാസപ്പടി കേസിൽ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയെ വീട്ടിലെത്തി ഇ.ഡി ചോദ്യം ചെയ്‌തു. ആലുവയിലെ വീട്ടിലെത്തി നേരിട്ടെത്തിയാണ് ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്‌തത്. 45 മിനിറ്റോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. വീട്ടിൽ നിന്ന് ചില രേഖകൾ ഇ.ഡി കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 1.30 മണിക്കാണ് ഇ.ഡി ഉദ്യോഗസ്ഥർ ആലുവയിലെ വീട്ടിലെത്തിയത്.
സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ.ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു എങ്കിലും ഹാജരാകാൻ തയാറായിരുന്നില്ല.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്‌തത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സി.എം.ആർ.എൽ -എക്‌സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇ.ഡി തേടിയിരുന്നു.
