
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച നന്ദാരപദവ്-ചേവാർ മലയോര ഹൈവേപദ്ധതിയുടെ പൂർത്തീകരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാന സർക്കാറിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന്‍റെ നാഴികക്കല്ലായ ഒരു പദ്ധതിയുടെ ഒന്നാം ഘട്ടമാണ് നാടിന് സമർപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ തെക്ക്-വടക്ക് ഭാഗങ്ങളെ മലയോര മേഖലയുമായി ബന്ധിപ്പിക്കുന്ന സർക്കാറിന്‍റെ സ്വപ്ന പദ്ധതിയാണിത്. നന്ദാരപദവു മുതൽ പാറശ്ശാല വരെ ആകെ 1251 കിലോമീറ്റർ ദൈർഘ്യമാണ് മലയോര ഹൈവേയ്ക്കായി ആകെ 3500 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. നന്ദാരപദവ്-ചേവൂർ, ചെറുപുഴ-വള്ളിത്തോട് റീച്ചുകളാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയോര ഹൈവേയുടെ തുടക്ക സ്ഥലമായ നന്ദാരപദവ് മുതൽ ചേവാർ വരെയുള്ള ഭാഗം കാസർകോട് ജില്ലയിലെ ആദ്യത്തെ മലയോര ഹൈവേ പദ്ധതിയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ജില്ലാ എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.പി വിനോദ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംസീന ടീച്ചർ, വോർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി, പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് കെ. ജയന്തി, ജില്ലാ പഞ്ചായത്ത് അംഗം കെ. കമലാക്ഷി, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം മൊയതീൻ കുഞ്ഞി തലക്കി, മീഞ്ച പഞ്ചായത്ത് അംഗം സി.സി ബാബു, കെ.ആർ ജയാനന്ദ, എ.കെ.എം അഷ്റഫ്, രാഘവ ചേരാൾ, എന്നിവർ സംസാരിച്ചു.
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ് സ്വാഗതവും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ കെ. രാജീവൻ നന്ദിയും പറഞ്ഞു.

നന്ദാരപദവ്-ചേവാർ പാത ജില്ലയിലെ വാണിജ്യ പ്രാധാന്യമുള്ള റോഡാകും
മലയോര ഹൈവേയുടെ തുടക്ക സ്ഥലമായ നന്ദാരപദവ് മുതൽ ചേവാർ വരെയുളള ഭാഗം കിഫ്ബിയുടെ ധനസഹായത്തോടെ ഏറ്റെടുത്ത ജില്ലയിലെ ആദ്യത്തെ മലയോര ഹൈവേ പദ്ധതിയാണ്. 2018 ജൂണിലാണ് നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. കർണാടകയുമായി ചേർന്ന് നിൽക്കുന്ന വോർക്കാടി, മീഞ്ച, പൈവളിഗെ എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നന്ദാരപദവ്-ചേവാർ മലയോരപാത പൂർണ്ണമായും മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ്.
54.53 കോടി രൂപയ്ക്ക് സാങ്കേതികാനുമതി ലഭ്യമായ പദ്ധതിയുടെ നിർമ്മാണ ചുമതല കെ.കെ. ബിൽഡേഴ്സ് പേരാവൂർ എന്ന കമ്പനിക്കായിരുന്നു. 12 മീറ്റർ ഫോർമേഷൻ വീതിയും 8.8 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങും ആവശ്യമായ സ്ഥലങ്ങളിൽ ഒരു മീറ്റർ വീതിയിൽ ഇരുവശത്തുമായി നടപ്പാതകളും, സുങ്കതകട്ട, മോർത്താന, മിയാപദവ് എന്നീ ജംഗ്ഷനുകളുടെ നവീകരണവും പൂർത്തീകരിച്ചിട്ടുണ്ട്. 12,600 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഓടകളും 44 കൾവർട്ടുകളും നിർമ്മിച്ചു. ആറ് ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും എല്ലാ റോഡ് സുരക്ഷാ ക്രമീകരണങ്ങളും പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ചു.
നന്ദാരദപവ് – ചേവാർ പാത സംസ്ഥാനത്ത് മലയോര ഹൈവെ ആരംഭിക്കുന്ന പ്രഥമ റീച്ച് എന്നതിലുപരി കർണാടകയുമായി ബന്ധിപ്പിക്കുന്ന വാണിജ്യ പ്രാധാന്യമുള്ള ഒരു റോഡായും ഇത് മാറി. മലയോര ഹൈവെയുടെ ഈ ഭാഗം കടന്നുപോകുന്ന സുങ്കതകട്ട, മോർത്താന, മിയാപദവ്, ബായിക്കട്ടെ, ചേവാർ എന്നീ പിന്നോക്ക പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഈ പ്രവൃത്തിയുടെ പൂർത്തീകരണം വഴിയൊരുക്കും.
