സിദ്ദീഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍; വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ചു

  • Post category:news
  • Reading time:1 min read
You are currently viewing സിദ്ദീഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍;  വിദഗ്ധ ചികില്‍സ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന് കത്തയച്ചു

പത്രപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. അദ്ദേഹത്തെ അടിയന്തരമായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

യു. എ.പി.എ പ്രകാരം തടവിലാക്കപ്പെട്ട കാപ്പന്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്ന കാപ്പന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മഥുരയിലെ കെ.വി. എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ആരോഗ്യനില മോശമായ കാപ്പനെ ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കയാണെന്ന റിപ്പോര്‍ട്ടുകളുണ്ടന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശൂപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

0Shares