
കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വി. മുരളീധരൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ചുമതലയിൽ വന്നതിന് ശേഷമല്ലേ നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്ത് ആരംഭിച്ചതെന്ന് പിണറായി വിജയൻ ചോദിക്കുന്നു.
അതേ സഹമന്ത്രിതന്നെയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യ വകുപ്പിന്‍റെ ചുമതലയിൽ ഉണ്ടെന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങൾ പറയുന്നത് കേട്ടു. മിഡിൽ ഈസ്റ്റിന്‍റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്.

അദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ. ഈ മന്ത്രി ചുമതലയിൽ വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് തുടങ്ങിയതെന്ന് കൊവിഡ് അവലോകനയോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുക്കവേ മുഖ്യമന്ത്രി ആഞ്ഞടിച്ചു.
സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി മന്ത്രിക്ക് ബന്ധമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസ്സുകളിൽ ഇകഴ്ത്താൻ ഇതൊന്നും സഹായകമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
