
കെ റെയിൽ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണപക്ഷ നേതാക്കൾ സമരക്കാരെ അധിക്ഷേപിച്ചത് കൊണ്ടുമാത്രം സമരമില്ലാതാകില്ലെന്നും പ്രതിപക്ഷ നേതാക്കളും പ്രവർത്തകരും ജയിലിൽ പോയി സമരക്കാരെ സംരക്ഷിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പിണറായിയുടെ രാജസദസിലെ വിദൂഷകൻമാരാണ് സജി ചെറിയാനും ഇ.പി. ജയരാജനുമെന്നും സമരം ചെയ്യുന്നവരെ അധിക്ഷേപിക്കുന്നത് അധികാര ലഹരി മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകസമരത്തെ നേരിട്ടത് പോലെയാണ് പിണറായി സർക്കാർ സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തെ നേരിടുന്നത്.

പിണറായിയെ ഭയക്കുന്നതിനാൽ കൂടെ നിൽക്കുന്നവരാണ് പലരും. പക്ഷെ ജനങ്ങളെ അതിൽ കൂട്ടരുത്. ഞങ്ങൾക്കെതിരെ ബി.ജെ.പി ബന്ധം ആരോപിച്ചാലൊന്നും സമരത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
കെ റെയിൽ വിരുദ്ധ സമരത്തിനായി തീവ്രവാദ സംഘടനകളിൽ നിന്ന് ആളെ ഇറക്കുന്നുവെന്നാണ് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ബോധപൂർവം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ചെങ്ങന്നൂരിലുൾപ്പെടെ കാണുന്നത്. കെ റെയിൽ കല്ലിളക്കിയാൽ വിവരമറിയും. ഇതിനെതിരെ കെ.പി.സി.സി പ്രസിഡന്റുൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സജി ചെറിയാൻ മാപ്പ് പറയണമെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു.
