
കേരളത്തിൽ അടുത്തിടെ ഉണ്ടായ പ്രതിസന്ധികളെ നേരിട്ടത് മുഖ്യമന്ത്രിയുടെ മാത്രം കഴിവിലല്ലെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി. തിരുവല്ലയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ സഹപ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരെ കോർത്തിണക്കിയുള്ള പ്രവർത്തനമാണ് അതിജീവനത്തിന് പിന്നിലെന്ന് എം.എ.ബേബി പറഞ്ഞു. സൂക്ഷ്മമായി കാര്യങ്ങൾ പഠിക്കുന്നതും സർക്കാർ സ്വീകരിക്കുന്ന നടപടികൾ അന്നന്ന് ജനത്തെ അറിയിക്കുന്നതും ഒരു ശക്തിയാണ്.
ഏത് പ്രതിസന്ധിയെയും നേരിടാൻ കേരളത്തിന് ചങ്കുറപ്പുണ്ട്. ആ ചങ്കുറപ്പിനെ ആശ്രയിച്ച് ഏത് പ്രതിസന്ധിയേയും നേരിടാമെന്ന ഉറപ്പ് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും ഉണ്ടായിരുന്നു.- എം.എ ബേബി കൂട്ടിച്ചേർത്തു.
