
കാസർകോട്: തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി സപ്ത ഭാഷാ സംഗമ ഭൂമിയായ കാസർകോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പ്രവര്‍ത്തകരുടെ ഉജ്വല സ്വീകരണം. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ ആവേശപൂര്‍വമാണ് മുഖ്യമന്ത്രിയെ വരവേറ്റത്. കാസര്‍കോട്, ഉദുമ, ഹൊസ്ദുർഗ്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി വേദിയിലെത്തും മുമ്പേ പ്രവര്‍ത്തകരെ കൊണ്ട് പൊതുയോഗ നഗരികളായ സ്‌കൂള്‍ മൈതാനങ്ങൾ കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൃദ്ധ ജനങ്ങളും പിണറായിയെ കാണാനും പ്രസംഗം കേൾക്കാനുമായി തടിച്ചു കൂടി.

അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ സംതൃപ്തരായ ജനങ്ങളെയാണ് കാണാന്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കാലത്തും വര്‍ഗീയതയോട് സമരസപ്പെട്ട് കിടന്ന ചരിത്രമാണ് കോണ്‍ഗ്രസിന്റേത്. കോവിഡ് വാക്സിനേഷന്‍ കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ഇടത് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരില്‍ ഡിറ്റക്ഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്. ഡിറ്റക്ഷന്‍ കേന്ദ്രങ്ങള്‍ ചിലരെ പൂട്ടാനാണ് എന്നാണ് പറയുന്നതെങ്കിലും ഗവൺമെന്റിനെതിരെ ആരൊക്കെയുണ്ടോ അവർക്കൊക്കെ ഡിറ്റക്ഷന്‍ കേന്ദ്രത്തില്‍ എത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫ് പറഞ്ഞല്ലോ അധികാരത്തിൽ വന്നാൽ ലൈഫ് മിഷൻ ഞങ്ങൾ പിരിച്ചു വിടുമെന്ന്. അവർ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ എത്രയായിരുന്നു ക്ഷേമ പെൻഷൻ കുടിശ്ശിക. ഇപ്പോൾ അവർ പ്രകടന പത്രികയിൽ പറയുന്നു 1600 ൽ നിന്നും 2500 ആയി ഉയർത്തുമെന്ന്. ഒരു നുണയും യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ നിൽക്കില്ല. നുണയുടെ ആയുസ് യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ എത്തുന്നതുവരെയാണ്. നമുക്ക് നമ്മുടെതായ രീതിയിൽ മുമ്പോട്ട് പോകാം. നമ്മുടേതായ രീതി എന്നു പറയുമ്പോൾ നാടിന് വികസനം വേണം. നാടിന് പുരോഗതി വേണം. ജനങ്ങൾക്ക് സന്തോഷം വേണം. ജനങ്ങൾക്ക് സന്തോഷിക്കാനാവശ്യമായ കാര്യങ്ങൾ സർക്കാരിന് ഒരുക്കാനാവണം. ഇതെല്ലാം സർക്കാരിന്റെ ബാധ്യത എന്ന് കാണുന്ന സർക്കാരാണ് എൽ.ഡി.എഫ് സർക്കാർ. ഇപ്പോൾ നാം ഒരു പ്രത്യേക സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു. അത് നാടും നാട്ടുകാരും ഒരുമയോടെ നിന്നതിനാലാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ദുരന്തത്തിലും ഒന്നിച്ചു നിൽക്കുന്ന ഈ പിന്തുണ നൽകിയ ജനങ്ങളാണ് ഇതിന്റെ നേരവകാശികളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ ശക്തി കൊണ്ടല്ല നേമത്ത് അവര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ സഹായം കൊണ്ടാണ്. ബി.ജെ.പി തുറന്ന അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്യും. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമ്പോള്‍ ആവശ്യമായ ഫോമുകള്‍ പൂരിപ്പിക്കാന്‍ ലീഗും ലീഗ് പ്രവര്‍ത്തകരും സഹായിക്കുമെന്ന് ഗുരുവായൂര്‍ സ്ഥാനാര്‍ഥി പറഞ്ഞു. ഇത് ബി.ജെ.പി വോട്ട് നേടാനാണ്. ഗുരുവായൂരില്‍ ബി.ജെ.പി വോട്ട് യു.ഡി.എഫ് നേടുമ്പോള്‍ വേറൊരിടത്ത് യു.ഡി.എഫിന്‍റെ സഹായം ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് മനസിലാകുന്നത്.
തെരെഞ്ഞെടുപ്പിന്‍റെ അവസാന ദിവസങ്ങളില്‍ കള്ളക്കഥകളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അവയെല്ലാം കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ വി.വി രമേശന്‍, എം.എ ലത്തീഫ്, അഡ്വ.സി എച്ച് കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരൻ എന്നിവര്‍ക്ക് വോട്ട് ചോദിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി കുഞ്ഞിരാമൻ അധ്യക്ഷനായി. ഉദുമ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. സി.എച്ച് കുഞ്ഞമ്പു പ്രസംഗിച്ചു.
