ഇ.ഡി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; കെ.സി വേണുഗോപാൽ എം.പിയെ പൊലീസ് വലിച്ചിഴച്ചു ചവിട്ടി, കുഴഞ്ഞുവീണു, അറസ്റ്റു ചെയ്തു നീക്കി

  • Post category:news
  • Reading time:1 min read
You are currently viewing ഇ.ഡി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; കെ.സി വേണുഗോപാൽ എം.പിയെ പൊലീസ് വലിച്ചിഴച്ചു ചവിട്ടി, കുഴഞ്ഞുവീണു, അറസ്റ്റു ചെയ്തു നീക്കി

ഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്‍റ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷാവസ്ഥ. രാഹുലിനൊപ്പം നിരോധനാജ്ഞ ലംഘിച്ച്‌ ഇ.ഡി ഓഫീസിലേക്ക് മാര്‍ച്ച്‌ ചെയ്ത എല്ലാ പ്രവര്‍ത്തകരെയും നേതാക്കളെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ.സി വേണുഗോപാല്‍ എം.പി, രണ്‍ദീപ് സുര്‍ജേവാല, കൊടിക്കുന്നില്‍ സുരേഷ് എം.പി, ഡീന്‍ കുര്യാക്കോസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകനെ അടക്കം ഇ.ഡി ഓഫീസിന് മുന്നില്‍ വച്ച്‌ പൊലീസ് തടഞ്ഞു. പൊലീസ് നടപടിക്കിടെ കെ.സി വേണുഗോപാല്‍ കുഴഞ്ഞുവീണു.

കെ.സിക്ക് വെള്ളം കൊടുക്കാന്‍ മറ്റ് നേതാക്കളെല്ലാം പറയുന്നുണ്ടായിരുന്നുവെങ്കിലും ദില്ലി പൊലീസ് അതൊന്നും കേള്‍ക്കാതെ കെ.സി വേണുഗോപാലിനെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി. കൊവിഡ് ബാധിതനായിരുന്നു കെ.സി വേണുഗോപാല്‍. കൊവിഡ് നെഗറ്റീവായി രണ്ട് ദിവസമേ ആയിരുന്നുള്ളൂ. കെ.സി വേണുഗോപാലിന്‍റെ ഷര്‍ട്ടും മാസ്‌കുമെല്ലാം കീറിയ നിലയിലായിരുന്നു. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ നീണ്ട നിരയാണുള്ളത്. അറസ്റ്റിലായ കെ.സി വേണുഗോപാല്‍ അവശനാണ്. അദ്ദേഹത്തെ ഡോക്ടര്‍മാരെത്തി പരിശോധിച്ചു.

തീവ്രവാദികളെ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് പെരുമാറിയത് എന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആരോപിക്കുന്നു. കെ.സി വേണുഗോപാലിനെ ബസ്സിലേക്ക് പൊലീസ് വലിച്ചിഴച്ചുകയറ്റി ചവിട്ടി. മോദി ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിക്കുന്നുവെന്നും ഡീന്‍ ആരോപിക്കുന്നു. അതേസമയം, ഒരു പ്രകോപനവും ഇല്ലാതെയാണ് എല്ലാ നേതാക്കളെയും ഉപദ്രവിച്ചതെന്ന് ശ്രീകണ്ഠന്‍ എം.പിയും വ്യക്തമാക്കുന്നു.

0Shares