
കുറ്റിക്കോൽ / കാസർകോട്: ഗൃഹപ്രവേശന സൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ബാങ്ക് ജീവനക്കരനും ഒരു ഡ്രൈവർക്കും പരിക്കേറ്റു. സാരമായി കൈക്ക് പരിക്കേറ്റ കുറ്റിക്കോൽ സർവീസ് സഹകരണ ബാങ്കിൻ്റെ രാത്രി കാവൽക്കാരനും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ പുളുവിഞ്ചിയിലെ എച്ച്. വേണുവി(35)നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. രാത്രി ഒമ്പത് മണിയോടെ വാക്കേറ്റമുണ്ടാകുകയും ഒടുവിൽ സംഘർഷത്തിൽ കലാശിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പറയുന്നു.

സംഭവത്തിൽ ബേഡകം പോലീസ് രണ്ട് കേസെടുത്തു. പരിക്കേറ്റവർ ബേഡകം താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി. കൈക്ക് സാരമായി പരിക്കേറ്റതിനാൽ വേണുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വേണുവിൻ്റെ പരാതിയിൽ പുളുവിഞ്ചിയിലെ സന്തോഷ്, സുജിത്, റെജി എന്നിവർക്കെതിരെയും മുൻ വിരോധത്തിൻ്റെ പേരിൽ തന്നെ മർദിച്ചുവെന്ന സന്തോഷിൻ്റെ പരാതിയിൽ വേണുവിനെതിരെയും പോലീസ് കേസെടുത്തു.
പ്രതികളും പരാതിക്കാരും ബന്ധുക്കളും അയൽക്കാരുമാണ്. വ്യത്യസ്‌ത പാർട്ടിക്കാരാണെങ്കിലും സംഘർഷത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് രാഷ്ട്രീയം കലർത്തി മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് സി.പി.എം ആരോപിച്ചു. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാൻ സി.പി.എം ശ്രമിക്കുകയാണെന്ന് കോൺഗ്രസും ആരോപിച്ചു. ശനിയാഴ്‌ച വൈകുന്നേരം കോൺഗ്രസ് പ്രവർത്തകർ പുളുവിഞ്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. പോലീസ് സന്നാഹങ്ങൾ പ്രദേശത്ത് ഏർപ്പടുത്തിയിട്ടുണ്ട്.
