
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുകയും അവരുടെ ജാതി വെളിപ്പെടുത്തുന്ന തരത്തിൽ പ്രചരണം നടത്തുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.എം എന്ന് കവിയും എഴുത്തുകാരനുമായ സിവിക് ചന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിൽ വഞ്ചിയൂർ വാർഡിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർത്ഥി ഗായത്രി ബാബു നായർ വോട്ടുകൾ സമാഹരിക്കുന്നതിന്‍റെ ഭാഗമായി തന്റെ പേര് തന്നെ മാറ്റി ഗായത്രി എസ് നായർ എന്ന പേരിൽ പുതിയ പോസ്റ്ററും പ്രചരണവും നടത്തിയത് വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സിവിക് ചന്ദ്രന്‍റെ പ്രതികരണം.
എല്ലാ കാലത്തും ജാതി അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വോട്ട് പിടിക്കുകയും ചെയ്യുന്ന പാർട്ടിയുടെ വികൃതമായ മുഖമാണ് അഴിഞ്ഞുവീണിരിക്കുന്നതെന്നും സിവിക് ചന്ദ്രൻ തന്‍റെ ഫെയ്‌സബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്‍റെ പൂർണരൂപം;
ടി. കെ വിനോദന് ഇത്രയും കൂടെ:
സഖാക്കളും നായന്മാരും തമ്മിലെന്ത് ?
1957 ൽ മന്നത്തു പത്മനാഭനും എം. എൻ ഗോവിന്ദൻ നായരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തിനെ പറ്റി ഞാനെഴുതിയ പോസ്റ്റ് ഗായത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട ജാതി വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു. ചരിത്രം എന്ന നിലയിലല്ല ഓർമ എന്ന നിലയിലായിരുന്നു ആ ഇടപെടൽ .എന്നാൽ അങ്ങനെയൊരു സഖ്യമേ ഇല്ലായിരുന്നു എന്നാണ് നേരിട്ട് എതിർപോസ്റ്റിട്ട വിനോദനടക്കം വാദിക്കുന്നത്.

അന്നത്തെ നിയോജക മണ്ഡലങ്ങളുടെ ലിസ്റ്റ്, അന്ന് നല്കിയ സഹായാഭ്യർഥനാ കത്തും തെളിവായി ഹാജരാക്കു എന്നല്ലാം ചിലർ പറയുന്നത് വെറും തമാശക്കു വേണ്ടിയാവണം. പ്രശ്‌നം പ്രധാനമായും അതല്ലല്ലോ. വിമോചന സമരത്തിനിടയിൽ ,നായർ വോട്ടു കൊണ്ട് ജയിച്ച എം.എൽ.എ സഖാക്കൾ രാജിവെക്കണമെന്ന് മന്നം ആവശ്യപ്പെടുന്നുണ്ട് .ഞങ്ങൾ നായർവോട്ടു കൊണ്ടല്ല ,സഖാക്കൾ എന്ന നിലയിലുള്ള ജനപിന്തുണ കൊണ്ട് എന്ന് നേരിട്ട പി. കെ വാസുദേവൻ നായരെ മന്നം ഇങ്ങനെ തിരിച്ചടിക്കുന്നു: താൻ പുല്ലുവഴി നായരല്ല ,കിടങ്ങൂർ നായരാണെടോ .കിടങ്ങൂർ നായന്മാരുടെ നോട്ടുകെട്ടാണ് തന്നെ ജയിപ്പിച്ചത് .
അടുത്ത തെരഞ്ഞെടുപ്പിൽ നായർ വോട്ടു കൊണ്ട് ഒരൊറ്റ സഖാവും നിയമസഭയിലെത്തില്ല എന്ന മന്നത്തിന്‍റെ പ്രഖ്യാപനം എൻ. എസ്. എസ് പ്രാവർത്തികമാക്കുക തന്നെ ചെയ്തു .തിരുവിതാംകൂറിൽ നിന്ന് ജയിച്ചത് ഇറവങ്കര മാത്രം . കൊച്ചിയിൽ നിന്ന് അച്ചുതമേനോൻ മാത്രം. കമ്യൂണിസ്റ്റുകൾക്ക് വോട്ട് കൂടിയ തെരഞ്ഞെടുപ്പായിട്ടും ഭൂരിപക്ഷം ഏറെ കുറഞ്ഞ് മുന്നൂറിനടുത്ത് എത്തുകയും ചെയ്തു.
അന്ന് കമ്യുണിസ്റ്റുകളുമായുള്ള ക്രിസ്ത്യാനികളുടെ എതിർപ്പ് ഏതാണ്ട് സമ്പൂർണം എന്നു പറയുന്നതുപോലെ നായർ / എൻ. എസ്. എസ് സഖ്യം സമ്പൂർണമായിരുന്നു. അവനാടാ ഉശിരൻ നായര് എന്നു തന്നെയാണോ മന്നം തോപ്പിൽ ഭാസിയെക്കുറിച്ച് പറഞ്ഞത് എന്നൊന്നും ചുമ്മാ തർക്കിക്കാൻ വരരുത്. അവനാടാ തന്തക്ക് പിറന്ന നായര് എന്ന് പറഞ്ഞെന്നും കഥകളിൽ കണ്ടിട്ടുണ്ട്. ഇനി അന്ന് വാല് മുറിച്ച കമ്യുണിസ്റ്റുകളിലേക്കു വരാം. അവരിൽ മിക്കവരും, എ. കെ. ജി മുതൽ മലബാറ് കാരായിരുന്നല്ലോ.
മലബാറിൽ നിന്നു വന്നിട്ടും ഇ. എം. എസ് മാത്രമല്ല മകൻ ശ്രീധരനും നമ്പൂതിരിപ്പാട് തന്നെ. ഇ. എം. എസ് നമ്പൂതിരിപ്പാട് ജൂനിയർ എന്ന് ശ്രീകൃഷ്ണപുരത്തെ തെരഞ്ഞെടുപ്പ് പോസ്റ്റർ കണ്ടവർ ജീവിച്ചിരിപ്പുണ്ടല്ലോ. ഇപ്പോഴത്തെ കാര്യത്തിൽ ശ്രീകലയുടേയും ബാബുവിന്‍റെയും മാതാപിതാക്കൾക്കില്ലാത്ത ജാതിബോധം എങ്ങനെ സ്വന്തം മകൾക്ക് പേരിടുമ്പോൾ സഖാക്കൾക്കുണ്ടായി എന്ന് ചോദിക്കുന്നതെങ്ങനെ പാപമാവും?
ജാതിപ്പേരുപയോഗിക്കാൻ മകൾക്കുമില്ലല്ലോ ഉളുപ്പ് …. ജാതിയുണ്ട് സഖാക്കളേ, നിങ്ങളിലുമുണ്ട്. നിങ്ങളുമത് രാഷ്ടീയത്തിൽ സാംസ്‌കാരിക മൂലധനമാക്കുന്നുണ്ട്. ഇത്തരമൊരു ചർച്ച വൈകിയെങ്കിലും തുടങ്ങുന്നത് എല്ലാവർക്കും നന്ന്……
