
കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ പ്രദേശത്തിൽ ചൈനീസ് സൈന്യം കടന്നുകയറ്റം നടത്തിയതായി സമ്മതിച്ച പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വന്ന റിപ്പോർട്ട് വെബ്സൈറ്റിൽനിന്നു നീക്കി. ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണു സർക്കാർ നടപടി.

മേയ് 17, 18 തീയതികളിൽ കുഗ്രാംഗ് നള (പട്രോളിംഗ് പോയിന്റ് 15-ന് സമീപം, ഗോഗ്ര (പിപി17എ), പാംഗോഗ് തടാകത്തിന്റെ വടക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ചൈനീസ് സേന അതിക്രമിച്ചു കടന്നുവെന്നു പ്രതിരോധമന്ത്രാലയം അംഗീകരിച്ചതായാണു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് പ്രകാരം ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിനു മുന്‍പാണ് ചൈനീസ് സൈന്യം ഇന്ത്യൻ പ്രദേശത്ത് എത്തിയത്.
ജൂണ്‍ 20നാണ് 20 ഇന്ത്യൻ സൈനികർ മരിക്കാനിടയായ സംഘർഷമുണ്ടായത്. കിഴക്കൻ ലഡാക്കിലെ ഇന്ത്യൻ പ്രദേശത്തേക്കു ചൈനീസ് സൈനികർ നുഴഞ്ഞുകയറിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചെന്ന വാർത്തയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി എന്തിനാണു നുണ പറയുന്നതെന്നാണു രാഹുൽ ചോദിച്ചത്.
