
കഴിഞ്ഞദിവസം അതിർത്തിയിലൂണ്ടായ ഏറ്റുമുട്ടലിൽ ഒരു ചൈനീസ് കമാൻഡിംഗ് ഓഫീസറും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യ – ചൈന അതിർത്തിയിൽ ചൈനീസ് ഹെലികോപ്റ്ററുകൾ നിരവധി തവണയായി എത്തുന്നുണ്ടെന്നും, ഇത് ഗുരുതരമായി പരിക്കേറ്റ സൈനികരെ കൊണ്ടുപോകാനോ, അതല്ലെങ്കിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാനോ ആണെന്നുമാണ് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നത്.
43- ചൈനീസ് സൈനികരെങ്കിലും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തു എന്നാണ് എ.എൻ.ഐ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. എന്നാൽ ചൈനീസ് ഔദ്യോഗികമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല, വാർത്തകൾ പുറത്തുവിടുന്നുമില്ല.

ദില്ലിയിൽ വീണ്ടും പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ അർദ്ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികമേധാവിമാരുമായും വിദേശകാര്യ, പ്രതിരോധമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
സംഘർഷത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ സൈനികരും ചൈനീസ് ഭാഗത്ത് കാര്യമായ ആൾനാശമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എത്ര പേർ മരിച്ചുവെന്ന് കൃത്യമായ കണക്ക് ഇപ്പോൾ പറയാൻ സാധ്യമല്ലെങ്കിലും, നാൽപ്പതിലധികം പേർ മരിച്ചിരിക്കാൻ സാധ്യതയുണ്ട്, എന്ന് എ.എൻ.ഐ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പറയുന്നു.
