
ചൈന തങ്ങളുടെ ആണവായുധ ശേഷി വര്‍ദ്ധിപ്പിക്കുകയാണെന്ന് അമേരിക്ക. ഷിങ്ജിയാങ് പ്രവിശ്യയിലെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് (എഫ്എഎസ്) ആണ് ഇക്കാര്യം പറയുന്നത്. ആണവ മിസൈലുകള്‍ സൂക്ഷിക്കാന്‍ ഇവിടെ ചൈന ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കുന്നുവെന്നാണ് എഫ്എഎസിന്‍റെ വിലയിരുത്തല്‍.
ചൈന ആണവശേഷി കുന്നുകൂട്ടുന്നതില്‍ യു.എസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചു. പടിഞ്ഞാറന്‍ ചൈനയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ നിര്‍മാണം പുരോഗമിക്കുന്ന രണ്ടാമത്തെ ഭൂഗര്‍ഭ അറകളാണിത്. ഇവിടെ 110 ഭൂഗര്‍ഭ അറകള്‍ ഉണ്ടായിരിക്കാമെന്നാണ് നിഗമനം. ആണവ മിസൈലുകള്‍ സൂക്ഷിക്കാനും തൊടുക്കാനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടായിരിക്കും.

ചൈന ആണവായുധങ്ങള്‍ സൂക്ഷിക്കാന്‍ ഗന്‍സു പ്രവിശ്യയിലെ യുമനില്‍ മരുഭൂമിയില്‍ 120 ഭൂഗര്‍ഭ അറകള്‍ നിര്‍മിക്കുന്നതായി കഴിഞ്ഞ മാസം വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിക്കാനാണ് ഇവയുടെ നിര്‍മാണമെന്നാണ് പ്രാഥമിക പഠനം. ജെയിംസ് മാര്‍ട്ടിന്‍ സെന്റര്‍ ഫോര്‍ നോണ്‍പ്രൊലിഫെറേഷന്‍ സ്റ്റഡീസാണ് പഠനം പുറത്തുവിട്ടത്. ഗന്‍സു പ്രവിശ്യയില്‍ മിസൈല്‍ ലോഞ്ചിങ് സെന്റര്‍, കേബിള്‍ കിടങ്ങുകള്‍, റോഡുകള്‍, സൈനിക താവളങ്ങള്‍ എന്നിവയും നിര്‍മിക്കുന്നുണ്ടെന്നാണു കണ്ടെത്തല്‍.
ചൈന ആണവശേഷി ഇരട്ടിയാക്കാന്‍ നീക്കം നടത്തുന്നതായി 2020ല്‍ പെന്റഗണ്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അമേരിക്കയും റഷ്യയും തമ്മില്‍ ആയുധനിയന്ത്രണ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ചൈനയില്‍നിന്നുള്ള പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. ചര്‍ച്ചകളിൽ ഭാഗമാകാത്ത ചൈനയ്ക്ക് 350 ആണവ പോര്‍മുനകളാണുള്ളത്. അമേരിക്കയ്ക്ക് 3,800 ആണവായുധങ്ങളുണ്ട്. അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ പ്രതിരോധിക്കുന്നതിനായാണ് ആണവ ശക്തി വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ചൈനീസ് വാദം. അമേരിക്കയുടെ മിസൈല്‍ ആക്രമണത്തെ തകര്‍ക്കാന്‍ ഇതിലൂടെ സാധിക്കും.
