
കാസർകോട്: നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍.. സിനിമകളിലും ടി. വി പരിപാടികളിലും കണ്ടിരുന്ന റോബോട്ടുകളെ നേരില്‍ കാണുമ്പോഴുള്ള കൗതുകം. ബേക്കല്‍ ഫെസ്റ്റിവല്‍ നഗരിയിലെ റോബോട്ടിക് ഷോ കാണാനെത്തുന്ന കുട്ടികള്‍ക്കുപ്പെടെ പുതുമ സമ്മാനിക്കുന്ന അനുഭവങ്ങള്‍ ആണ് സമ്മാനിക്കുന്നത്.
ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നതായി റോബോട്ടിക് ഷോ മാറുന്നു. റോബോട്ടിനെ കാണാനും അതിലെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയാന്ന് മനസിലാക്കാനും ഷോയില്‍ അവസരമൊരുക്കുന്നു. റോബോട്ടിൻ്റെ നിര്‍മ്മാണ ഘട്ടം മുതല്‍ പൂര്‍ണത വരെയുള്ള കാര്യങ്ങള്‍ അറിയാനും ഷോയിലൂടെ സാധിക്കും. വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് കുട്ടികളെ കൊണ്ടുപോകാനും ഷോയ്ക്ക് കഴിയുന്നു. ടെക്‌നോളജിയുടെ പുതിയൊരു മാസ്മരിക ലോകം തന്നെയാണ് റോബോട്ടിക് ഷോ തുറന്നിടുന്നത്.

അതേസമയം, ബേക്കല്‍ ഇന്റര്‍നാഷണല്‍ ബിച്ച് ഫെസ്റ്റിന്റെ ഭാഗമായി സന്ദര്‍ശകരുടെ ടിക്കറ്റുകള്‍ ശേഖരിച്ച് എല്ലാ ദിവസവും നറുക്കെടുപ്പ് നടത്തി ഒരോ വിജയിയെ കണ്ടെത്തുമെന്ന് സംഘാടക സമിതി അറിയിച്ചു. പേരും മൊബൈല്‍ നമ്പറും എഴുതി കൊണ്ടുവരുന്ന ടിക്കറ്റുകള്‍ ഫെസ്റ്റിൻ്റെ പ്രവേശന കവാടത്തിന് അകത്ത് സ്ഥാപിച്ചിട്ടുള്ള ബോക്‌സിലാണ് നിക്ഷേപിക്കേണ്ടത്.
രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ ശേഖരിച്ച ടിക്കറ്റുകളുടെ നറുക്കെടുപ്പ് അതേ ദിവസം രാത്രി 11.30ന് നടത്തും. വിജയിയെ അവരുടെ മൊബൈല്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയും ഒപ്പം പ്രവേശന കവാടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡിലും ഫെസ്റ്റിൻ്റെ ഒഫിഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലും പ്രഖ്യാപിക്കും. വിജയിക്കുള്ള സമ്മാനം എല്ലാ ദിവസവും രാവിലെ 11ന് പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ വെച്ച് നല്‍കുന്നതായിരിക്കും.
