
കാസർകോട്: കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയുള്ള പ്രതിരോധ മുന്നേറ്റത്തിന് തിങ്കളാഴ്‌ച കാസർകോട്ട് തുടക്കം. സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വൈകിട്ട് മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം.
വൈകിട്ട് അഞ്ചിന് കാസർകോട് മണ്ഡലത്തിൽ സ്വീകരണം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.സ്വരാജ്, ജെയ്‌ക്.സി തോമസ്, കെ.ടി ജലീൽ എം.എൽ.എ എന്നിവർ സ്ഥിരാംഗങ്ങളാണ്.

കാസർകോട് ജില്ലയിൽ രണ്ടുദിവസങ്ങളിലായി അഞ്ചിടത്ത് പര്യടനമുണ്ട്. ഓരോ കേന്ദ്രത്തിലും പതിനായിരംപേർ ജാഥയെ സ്വീകരിക്കാനെത്തും എന്നാണ് നേതൃത്വം അറിയിച്ചത്. ചുവപ്പു വളണ്ടിയർമാർ ഗാർഡ് ഓഫ് ഓണർ നൽകുകയും കലാപരിപാടികൾ അരങ്ങേറുകയും ചെയ്യുന്നുണ്ട്.
ചൊവാഴ്‌ച രാവിലെ എട്ടിന് കാസർകോട് ഗസ്‌റ്റ് ഹൗസിൽ ജാഥാ ലീഡർ എം.വി ഗോവിന്ദൻ പ്രമുഖരുമായി സംവദിക്കും. സംഘടനാ നേതാക്കൾ, വ്യവസായികൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ, വിവിധ മേഖലയിലെ വിദഗ്‌ധർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുക്കും.
