സ്വര്‍ണ്ണ കടത്ത് കേസ്; മുഖ്യമന്ത്രി ഇനിയെങ്കിലും രാജി വെയ്ക്കാന്‍ തയ്യാറാകണം: രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing സ്വര്‍ണ്ണ കടത്ത് കേസ്; മുഖ്യമന്ത്രി ഇനിയെങ്കിലും രാജി വെയ്ക്കാന്‍ തയ്യാറാകണം: രമേശ്‌ ചെന്നിത്തല

സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ സ്വാധീനമെന്ന എന്‍.ഐ.എ വാദം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ഇനിയെങ്കിലും രാജിവെക്കാന്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. വൈകാതെ തന്നെ കേസില്‍ സി.ബി.ഐ അന്വേഷണം കൊണ്ടുവരണം.

ഇപ്പോഴത്തെ എന്‍.ഐ.എ വെളിപ്പെടുത്തലോടെ പ്രതിപക്ഷം പറഞ്ഞതാണ് സത്യമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തെ പഴിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളെയും ചെന്നിത്തല വിമര്‍ശിച്ചു. കോവിഡ് പ്രതിരോധത്തില്‍ പരാജയപ്പെട്ടത് കൊണ്ടാണ് പിണറായി ഉദ്യോഗസ്ഥരെയും പ്രതിപക്ഷത്തെയും വിമര്‍ശിക്കുന്നത്. കഴിവുകെട്ട പണിക്കാര്‍ തോല്‍വിക്ക് മറ്റുള്ളവരെ പഴിക്കുമെന്നും, ഇത് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധം പരാജയപ്പെട്ടത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും പിടിപ്പുകേട് കൊണ്ടാണ്. പക്ഷേ ഇതിന്‍റെ പ്രശ്നങ്ങള്‍ പ്രതിപക്ഷത്തിനും ഉദ്യോഗസ്ഥര്‍ക്കും നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. രാവിലെ ഉദ്യോഗസ്ഥരെയും വൈകീട്ട് പ്രതിപക്ഷത്തെയും പഴിക്കുകയാണ് മുഖ്യമന്ത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷവും നന്നായി സഹകരിക്കുന്നുണ്ട്. സ്വന്തം ഇരട്ട മുഖം വെളിപ്പെടാതിരിക്കാനാണ് പ്രതിപക്ഷ നേതാവിന് രണ്ട് മുഖമുണ്ടെന്ന് കുറ്റപ്പെടുത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

0Shares