എക്‌സൈസ് പരിശോധനയ്ക്ക് വന്നപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് ‘മിനി ബവ്‌കോ വില്‍പനശാല’

  • Post category:news
  • Reading time:1 min read
You are currently viewing എക്‌സൈസ് പരിശോധനയ്ക്ക് വന്നപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് ‘മിനി ബവ്‌കോ വില്‍പനശാല’

അനധികൃത മദ്യവില്‍പന പിടികൂടാന്‍ എത്തിയ എക്സൈസ് സംഘം കോട്ടയത്ത് ഒരു വീട്ടു മുറ്റത്ത് കണ്ടെത്തിയത് ‘മിനി ബവ്കോ വില്‍പനശാല.’ കുഴിയെടുത്തു ചാക്കുകളില്‍ കുഴിച്ചിട്ടിരുന്ന 110 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. മദ്യം സൂക്ഷിച്ചു വില്‍പന നടത്തിയതിനു മറ്റക്കര മൂരിപ്പാറ എം.എം.ജോസഫിനെ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മറ്റക്കര കേന്ദ്രീകരിച്ചു അനധികൃത മദ്യ വില്‍പന നടക്കുന്ന വിവരത്തെ തുടര്‍ന്നു എക്സൈസ് പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. മദ്യ വില്‍പന കേന്ദ്രങ്ങള്‍ അവധിയായ ശനി, ഞായര്‍ ദിനങ്ങളില്‍ വ്യാപകമായി വില്‍പന നടത്തുകയായിരുന്നു. മദ്യക്കുപ്പികള്‍ ചെറിയ ചാക്കുകളില്‍ കെട്ടിയ ശേഷം കുഴിയെടുത്തു മൂടും. ശേഷം ഇതിനു മുകളില്‍ ചപ്പു ചവറുകള്‍ ഇട്ടു മൂടുകയും ചെയ്തിരുന്നു.

കുപ്പിക്ക് 200 രൂപ അധികമായി ഈടാക്കിയാണ് ഇയാള്‍ വില്‍പന നടത്തിയിരുന്നത്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ സതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 55 ലീറ്റര്‍ മദ്യം ഉണ്ടായിരുന്നതായി എക്സൈസ് പറഞ്ഞു. മദ്യ വില്‍പനയിലൂടെ ലഭിച്ച 18500 രൂപയും ഇയാളില്‍ നിന്നു കണ്ടെടുത്തു.

0Shares