
പാറശാല: ഷാരോണ്‍ വധക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്‌മ ആസൂത്രിത കൊലപാതകമാണ് നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. സെക്‌സ് ചാറ്റിലൂടെ ലൈംഗിക ബന്ധത്തിന് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കാര്‍പ്പിക്ക് എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ത്തിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 142 സാക്ഷി മൊഴികളും 57 രേഖകളുമാണ് കുറ്റപത്രത്തിലുള്ളത്.
ഗ്രീഷ്‌മയെ അറസ്റ്റ് ചെയ്‌ത് 85മത്തെ ദിവസമാണ് കുറ്റപത്രം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 14നാണ് ഗ്രീഷ്‌മ, ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്‌തു. മരണമൊഴിയില്‍ പോലും ഷാരോണ്‍ കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.

ആദ്യം പാറശ്ശാല പൊലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തി. പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനുമൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
വിഷം നല്‍കിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പില്‍ കണ്ടെടുക്കുകയും ചെയ്‌തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ ചുമതലയുള്ള ഡി.വൈ.എസ്.പി റാസിത്താണ് കുറ്റപത്രം നല്‍കിയത്. ഷാരോണ്‍ കേസിൻ്റെ വിചാരണ കേരളത്തില്‍ തന്നെ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് കുറ്റപത്രം നല്‍കുന്നത്.
