അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട്, കാസര്‍കോട് ഉള്‍പ്പെടെ 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • Post category:local news / news
  • Reading time:2 mins read
You are currently viewing അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ശനിയാഴ്ച റെഡ് അലര്‍ട്ട്, കാസര്‍കോട് ഉള്‍പ്പെടെ 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്.

ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 204.5 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കും. ഇവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍-

ഓഗസ്റ്റ് 7- കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 8- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 9- ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

വിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍-

ഓഗസ്റ്റ് 7- തിരുവനന്തപുരം
ഓഗസ്റ്റ് 8- തിരുവനന്തപുരം, കൊല്ലം
ഓഗസ്റ്റ് 9- ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്
ഓഗസ്റ്റ് 10- മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 11- കണ്ണൂര്‍, കാസര്‍കോട്

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം

റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂര്‍ണ്ണമായി ഒഴിവാക്കണം. വൈകീട്ട് ഏഴ് മുതല്‍ പകല്‍ ഏഴ് വരെയുള്ള സമയത്ത് മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിരോധിക്കണം.

അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തില്‍ പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയിലെ കിഴക്കന്‍ മേഖലയിലും ദുരന്ത സാധ്യത മേഖലകളില്‍ ഉള്ളവരെ ഉടനെ തന്നെ മുന്‍കരുതലിന്‍റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റണം. രാത്രി സമയങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്‍കരുതലിനായി പകല്‍ സമയം തന്നെ നിര്‍ബന്ധപൂര്‍വ്വം ആളുകളെ മാറ്റി താമസിപ്പിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

പശ്ചിമഘട്ട മലനിരകളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തിലെ മറ്റ് ജില്ലകളെയും ബാധിക്കും എന്നതിനാല്‍ വടക്കന്‍ കേരളത്തിലും മധ്യ-കേരളത്തിലുമാകെ ജാഗ്രത പുലര്‍ത്തണം. 2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം.

കോവിഡ് 19 യുടെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

0Shares