
സ്വർണക്കടത്ത് അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടെ സാമാന്യമര്യാദകൾ പോലും പാലിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ ഇഡിക്ക് അന്വേഷിക്കാം. അതിനപ്പുറം നടത്തുന്ന ഇടപെടൽ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ഇടത് സർക്കാർ നടത്തുന്ന ജനകീയ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികൾ കൂട്ടുനിൽക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. ആരോഗ്യ പരിപാലന രംഗത്തും അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിലും മികച്ച മാതൃകയാണ് കേരളം എന്ന് വിവിധ ഏജൻസികൾ സർവെ വഴി കണ്ടെത്തിയിട്ടുണ്ട്. ഈ നേട്ടങ്ങൾ സർക്കാരിന് യശസ്സുണ്ടാകുമെന്ന ശങ്കയോടെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഏജൻസിയേയോ ഉദ്യോഗസ്ഥനേയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശം ഇല്ല. ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്പോൾ ചിലത് പറയാതിരിക്കാൻ കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയനേതൃത്വത്തിന്‍റെ ഭാഗമായി മാത്രമല്ല ഇത്തരം നീക്കങ്ങൾ. വികസന പദ്ധതികളെ ഇരുട്ടിൽ നിർത്താൻ ശ്രമമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
